പോപ്പ് ഗായികയായ കാറ്റി പെറിയും കാനഡയുടെ മുൻ പ്രധാനമന്ത്രിയായ ജസ്റ്റിൻ ട്രൂഡോയും ആദ്യമായി ഒരുമിച്ച് പൊതുവേദിയിൽ

By: 600110 On: Oct 28, 2025, 4:55 AM

 

പോപ്പ് ഗായികയായ കാറ്റി പെറിയും കാനഡയുടെ മുൻ പ്രധാനമന്ത്രിയായ ജസ്റ്റിൻ ട്രൂഡോയും ആദ്യമായി ഒരുമിച്ച് പൊതുവേദിയിലെത്തി. കാറ്റി പെറിയുടെ 41-ാം ജന്മദിനത്തോടനുബന്ധിച്ച് പാരീസിലെ ഒരു സംഗീത -നൃത്ത പരിപാടിയിലാണ് ഇരുവരും പങ്കെടുത്തത്. ക്രേസി ഹോഴ്സ് പാരീസിൽ നിന്ന് ഇരുവരും കൈകോർത്ത് പുറത്തേക്ക് വരുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഇത് പകർത്താനായി പാപ്പരാസികളും ആരാധകരും പുറത്ത് തടിച്ചുകൂടിയിരുന്നു.

പെറി ചുവന്ന ഗൗണും കറുത്ത ഹീലുകളും ധരിച്ചപ്പോൾ ട്രൂഡോ കറുത്ത സ്യൂട്ടാണ് ധരിച്ചിരുന്നത്. കഴിഞ്ഞ ജൂലൈയിൽ മോൺ‌ട്രിയലിലെ 'ലെ വിയോലോൺ' (Le Violon) റെസ്റ്റോറൻ്റിൽ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടതിന് ശേഷമാണ് ഇവർ തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ പ്രചരിച്ചത്. അന്നത്തെ അത്താഴത്തിന് തൊട്ടുപിന്നാലെ ട്രൂഡോ മോൺ‌ട്രിയലിൽ നടന്ന പെറിയുടെ സംഗീത പരിപാടിയിലും പങ്കെടുത്തിരുന്നു. പിന്നീട് ട്രൂഡോ കാറ്റിയുടെ "ഡാർക്ക് ഹോഴ്സ്" എന്ന പാട്ടിനൊപ്പം പാടുന്ന വീഡിയോയും പുറത്തുവന്നു. എങ്കിലും ഇതുവരെ ഈ ബന്ധത്തെക്കുറിച്ച് കാറ്റി പെറിയോ ജസ്റ്റിൻ ട്രൂഡോയോ പരസ്യമായി പ്രതികരിക്കാൻ തയ്യാറായിട്ടില്ല.