ഭാരത് ടാക്സി എന്ന പേരിൽ ഒരു പുതിയ ടാക്സി സർവീസ് വരുന്നു. ഈ സേവനത്തിന് കേന്ദ്ര സർക്കാരിൻ്റെ പിന്തുണയുണ്ട്. എല്ലാ യാത്രക്കാർക്കും ന്യായമായ നിരക്കിൽ യാത്ര ചെയ്യാൻ കഴിയുംവിധമാണ് പുതിയ ടാക്സി സർവ്വീസിന് രൂപം നല്കുന്നത്. തിരക്കേറിയ സമയങ്ങളിൽ പോലും സർജ് പ്രൈസിംഗ് അഥവാ അധിക നിരക്ക് ഉണ്ടാകില്ല.
ഊബർ (Uber), ഓല (Ola) പോലുള്ള സ്വകാര്യ ക്യാബ് ആപ്പുകളുമായി മത്സരിക്കാനാണ് ഭാരത് ടാക്സി ലക്ഷ്യമിടുന്നത്. യാത്രാക്കൂലി മുൻകൂട്ടി നിശ്ചയിക്കുകയും അത് പ്രദർശിപ്പിക്കുകയും ചെയ്യും. പെട്ടെന്നുള്ള നിരക്ക് വർദ്ധനവിനെക്കുറിച്ച് ആശങ്കപ്പെടാതെ യാത്രക്കാർക്ക് ടാക്സി ബുക്ക് ചെയ്യാം. മെച്ചപ്പെട്ട വരുമാനവും ജോലി സാഹചര്യങ്ങളും ഡ്രൈവർമാർക്കും ഗുണം ചെയ്യും.
പ്രധാന നഗരങ്ങളിലാണ് ആദ്യം സർവീസ് ആരംഭിക്കുക. പിന്നീട് ഘട്ടം ഘട്ടമായി ഇത് വ്യാപിപ്പിക്കുകയും ചെയ്യും. പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു വലിയ പദ്ധതിയുടെ ഭാഗമാണിത്. യാത്ര കൂടുതൽ സുരക്ഷിതവും താങ്ങാനാവുന്നതും ആക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യം.