കാൽഗറിയിലെ വ്യോമയാന -പ്രതിരോധ മേഖയിൽ നിക്ഷേപം നടത്തി ബോയിംഗ് കാനഡ. പ്രാദേശിക കമ്പനിയായ കൺവേർജ്‌എക്സിൻ്റെ നേതൃത്വത്തിലുള്ള എക്സ്പാൻഡ് കാനഡ കൊമേഴ്‌സ്യലൈസേഷൻ സെൻ്റർ ആരംഭിക്കുന്നതിനായാണ് ബോയിംഗ് $2.7 മില്യൺ നിക്ഷേിച്ചത്. വ്യോമയാന - പ്രതിരോധ - സുരക്ഷാ വ്യവസായങ്ങളിലേക്ക് പുതിയ സാങ്കേതികവിദ്യകൾ വേഗത്തിൽ എത്തിക്കാൻ ഈ കേന്ദ്രം സഹായിക്കും.
കാനഡയുടെ 14 പുതിയ പട്രോളിംഗ് വിമാനങ്ങൾ നിർമ്മിക്കാൻ ബോയിംഗിനെ ആയിരുന്നു തിരഞ്ഞെടുത്തത്. ഇതിന് പിന്നാലെയാണ് പുതിയ പദ്ധതിയിലേക്ക് ബോയിങ്ങിൻ്റെ നിക്ഷേപം എത്തിയത്. ഡി ഹാവിലാൻഡ്, ലുഫ്താൻസ ടെക്നിക് തുടങ്ങിയ മറ്റ് കമ്പനികളും കാൽഗറിയിൽ പുതിയ ഫാക്ടറികളിലും അറ്റകുറ്റപ്പണി കേന്ദ്രങ്ങളിലും നിക്ഷേപം നടത്തുന്നുണ്ട്. കാൽഗറിയിലെ കമ്പനികളെ പ്രതിരോധ വിപണിയിലേക്ക് പ്രവേശിപ്പിക്കാനും, പ്രാദേശികമായി വിജയകരമായ ബിസിനസ്സുകൾ വികസിപ്പിക്കാനുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കനേഡിയൻ ബിസിനസ്സുകൾക്ക് ആഗോളതലത്തിൽ മത്സരിക്കാൻ കഴിയുന്നതിനായി ആരോഗ്യം, ഊർജ്ജം, ഖനനം തുടങ്ങിയ വിവിധ വ്യവസായങ്ങളെ എക്സ്പാൻഡ് പരസ്പരം ബന്ധിപ്പിക്കും.
ആൽബെർട്ടയിൽ മികച്ച സർവകലാശാലകളും, കഴിവുറ്റ തൊഴിലാളികളും ഉണ്ട്. അതിനാൽ ഭാവിയിൽ ഈ മേഖലയിൽ വലിയ വളർച്ചയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രാദേശിക നേതാക്കൾ വിശ്വസിക്കുന്നത്. ഈ വർഷം പ്രതിരോധത്തിനായി കൂടുതൽ പണം ചെലവഴിക്കുമെന്ന് ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് എക്സ്പാൻഡ് പോലുള്ള പദ്ധതികൾ കൂടുതൽ വളരാൻ സഹായിക്കും.
ഈ നിക്ഷേപം അടുത്ത പത്ത് വർഷത്തിനുള്ളിൽ ഏകദേശം 660 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും, ഓരോ വർഷവും $81 മില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയിലേക്ക് കൂട്ടിച്ചേർക്കുമെന്നും പ്രതീക്ഷിക്കുന്നു.