കനേഡിയൻ ഇറക്കുമതികൾക്ക് 10 ശതമാനം അധിക താരിഫ് ചുമത്തി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്

By: 600110 On: Oct 27, 2025, 5:24 AM

 

കനേഡിയൻ ഇറക്കുമതികൾക്ക് 10 ശതമാനം അധിക താരിഫ് ചുമത്തി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്.  തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയെന്ന് ആരോപിച്ച് ട്രംപ് കനേഡിയൻ സർക്കാരുമായുള്ള വ്യാപാര ചർച്ചകൾ അവസാനിപ്പിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ഈ നീക്കം.
ഒൻ്റാരിയോ പ്രവിശ്യാ സർക്കാർ സംപ്രേഷണം ചെയ്തൊരു പരസ്യമായിരുന്നു വിവാദത്തിന് ഇടയാക്കിയത്.

ടൊറൻ്റോ ബ്ലൂ ജെയ്‌സും ലോസ് ഏഞ്ചൽസ് ഡോഡ്‌ജേഴ്‌സും തമ്മിലുള്ള മേജർ ലീഗ് ബേസ്ബോൾ മത്സരത്തിനിടെ ആയിരുന്നു വിവാദ പരസ്യം സംപ്രേഷണം ചെയ്തത്. താരിഫുകൾ വ്യാപാര യുദ്ധങ്ങൾക്കും സാമ്പത്തിക ബുദ്ധിമുട്ടുകൾക്കും കാരണമാകുമെന്ന്  അന്തരിച്ച യുഎസ് പ്രസിഡൻ്റ് റൊണാൾഡ് റീഗൻ മുന്നറിയിപ്പ് നൽകുന്നതാണ് പരസ്യത്തിലുള്ളത്. ഇതിൽ പ്രകോപിതനായാണ് വസ്തുതകളെ തെറ്റായി ചിത്രീകരിക്കുന്നു എന്ന് ആരോപിച്ച് താരിഫ് പത്ത് ശതമാനം വർദ്ധിപ്പിക്കുന്നു എന്ന് ട്രംപ് അറിയിച്ചത്.

എന്നാഷ പുതിയ വർദ്ധന ഏതൊക്കെ ഉൽപ്പന്നങ്ങളെ ബാധിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. ഇത് കനേഡിയൻ വ്യവസായ മേഖലയിൽ അനിശ്ചിതത്വം വർദ്ധിപ്പിച്ചിട്ടുണ്ട്. നേരിട്ടുള്ള ഇടപെടലിലൂടെ തർക്കങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി പ്രതികരിച്ചതായും റിപ്പോർട്ടുകളുണ്ട്.