നികുതി കാര്യങ്ങളിൽ ജനങ്ങളെ സഹായിക്കാൻ AI ഉപയോഗിക്കാനുള്ള സി.ആർ.എയുടെ നീക്കത്തിനെതിരെ വിദഗ്ദ്ധർ

By: 600110 On: Oct 27, 2025, 4:28 AM

നികുതി സംബന്ധമായ കാര്യങ്ങളിൽ ജനങ്ങളെ സഹായിക്കുന്നതിനായി AI ഉപയോഗിക്കാനുള്ള സി.ആർ.എയുടെ നീക്കത്തിനെതിരെ മുന്നറിയിപ്പുമായി വിദഗ്ദ്ധർ. ഫെഡറൽ ഓഡിറ്റർ ജനറലിൻ്റെ സമീപകാല റിപ്പോർട്ടിൽ, സി.ആർ.എയുടെ കോൾ സെൻ്ററുകളിൽ ഗുരുതരമായ പ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തിയിരുന്നു. സി.ആർ.എ. ജീവനക്കാർ കോളുകൾക്ക് മറുപടി നൽകുന്നത് കുറയുന്നുവെന്നും ലഭിച്ച മറുപടികളിൽ തന്നെ നികുതിയെക്കുറിച്ച് ശരിയായ ഉത്തരം ലഭിച്ചില്ലെന്നും റിപ്പോർട്ടിൽ പരാമർശം ഉണ്ടായിരുന്നു.

ചാർലി എന്ന ഒരു എ.ഐ. ചാറ്റ്ബോട്ട്, ഏകദേശം മൂന്നിലൊന്ന് തവണ മാത്രമാണ് ശരിയായ ഉത്തരം നൽകിയത്. ഇതേ തുടർന്ന് ജനറേറ്റീവ് എ.ഐ. ഉപയോഗിക്കുന്ന കൂടുതൽ മികച്ചൊരു ചാറ്റ്ബോട്ടിന് രൂപം നല്കിയിരിക്കുകയാണ് സി.ആർ.എ. ഇതിലൂടെ ചാട്ട് ബോട്ടുകളുടെ പ്രവർത്തന സമയം വർദ്ധിപ്പിക്കാനും കൂടുതൽ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനുമാണ് സി.ആർ.എ. പദ്ധതിയിടുന്നത്. എന്നാൽ എ.ഐ.യെ ആശ്രയിക്കുന്നതിനു മുമ്പ് സി.ആർ.എ.   ജീവനക്കാരുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കണം എന്നാണ് ഡിജിറ്റൽ സാങ്കേതികവിദ്യാ വിദഗ്ദ്ധനായ അനത്തോലിയ് ഗ്രുസ്ദ് പറയുന്നത്, . എ.ഐ. ചാറ്റ്ബോട്ടുകൾക്ക് പ്രവർത്തിക്കാൻ ആളുകൾ നൽകുന്ന വിവരങ്ങൾ ആദ്യം ശരിയായിരിക്കണം എന്നും അദ്ദേഹം പറയുന്നു.

 മനുഷ്യരുടെയും എ.ഐയുടെയും ഒരു മിശ്രിതമാണ് ഏറ്റവും മികച്ചതെന്നാണ് ഈ രംഗത്തെ മറ്റൊരു വിദഗ്ധനായ പ്രൊഫസർ അഡെഗ്ബോയേഗ ഓജോ പറയുന്നത്. ലളിതമായ ചോദ്യങ്ങൾ കൈകാര്യം ചെയ്യാനും ജോലിഭാരം കുറയ്ക്കാനും എ.ഐക്ക് കഴിയും, എന്നാൽ കടുപ്പമേറിയ ചോദ്യങ്ങൾക്ക് പരിശീലനം ലഭിച്ച ആളുകൾ ആവശ്യമാണെന്നും അദ്ദേഹം പറയുന്നു. മികച്ച എ.ഐക്ക് പോലും തെറ്റുപറ്റാൻ സാധ്യതയുണ്ടെന്നും അതിനാൽ മനുഷ്യർ ഉത്തരങ്ങൾ പരിശോധിക്കണമെന്നും ഓജോ മുന്നറിയിപ്പ് നൽകുന്നു.