യുഎസ് താരിഫുകൾക്കെതിരെയുള്ള ഒൻ്റാരിയോ സർക്കാരിൻ്റെ പരസ്യ കാമ്പയിൻ താൽക്കാലികമായി നിർത്തിവെച്ചതായി പ്രീമിയർ ഡഗ് ഫോർഡ്. ഈ പരസ്യങ്ങൾ ചൂണ്ടിക്കാട്ടി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് കാനഡയുമായുള്ള എല്ലാ വ്യാപാര ചർച്ചകളും അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫോർഡിൻ്റെ നിർണായക തീരുമാനം. 75 മില്യൺ ഡോളർ മുടക്കിയായിരുന്നു പരസ്യ ക്യാമ്പയിൻ ഒരുക്കിയത്.
മുൻ യുഎസ് പ്രസിഡൻ്റ് റൊണാൾഡ് റീഗൻ താരിഫുകൾക്കെതിരെ സംസാരിക്കുന്ന ഭാഗങ്ങൾ ഉൾപ്പെടുത്തിയുള്ളതായിരുന്നു ഒൻ്റാറിയോയുടെ പരസ്യം. ഇത് റീഗൻ്റെ നിലപാടിനെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് റൊണാൾഡ് റീഗൻ ഫൗണ്ടേഷൻ രംഗത്തെത്തിയിരുന്നു. സുപ്രീം കോടതിയുടെ തീരുമാനത്തെ സ്വാധീനിക്കാൻ കാനഡ ശ്രമിക്കുന്നുവെന്ന് ട്രംപ് ആരോപിക്കുകയും ചെയ്തു. താരിഫ് പരസ്യ കാമ്പയിൻ താൽക്കാലികമായി നിർത്തുന്നതിലൂടെ വ്യാപാര ചർച്ചകൾ പുനരാരംഭിക്കാൻ കഴിയുമെന്ന് പ്രീമിയർ ഫോർഡ് പ്രത്യാശ പ്രകടിപ്പിച്ചു.
പ്രധാനമന്ത്രി മാർക്ക് കാർണിയുമായി സംസാരിച്ച ശേഷമാണ് തിങ്കളാഴ്ച മുതൽ പരസ്യങ്ങൾ താൽക്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചതെന്നും, ലോക സീരീസിലെ ആദ്യ രണ്ട് ബ്ലൂ ജെയ്‌സ് ഗെയിമുകളിൽ പരസ്യം പ്രദർശിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. "കാനഡയും യുഎസും അയൽക്കാരും സുഹൃത്തുക്കളും സഖ്യകക്ഷികളുമാണ്. ഒരുമിച്ച് പ്രവർത്തിക്കുമ്പോഴാണ് കൂടുതൽ ശക്തരാകുന്നത് എന്ന് ഫോർഡ് പ്രസ്താവനയിൽ പറഞ്ഞു.