സിഖ് ട്രക്ക് ഡ്രൈവറുൾപ്പെട്ട വാഹനാപകടം: പഞ്ചാബിൽ നിന്നുള്ളവരുടെ അമേരിക്കൻ സ്വപ്‌നങ്ങൾക്ക് തിരിച്ചടിയാകുന്നു 

By: 600110 On: Oct 24, 2025, 11:07 AM

ഫ്ലോറിഡയിൽ സിഖ് വംശജനായൊരു ട്രക്ക് ഡ്രൈവർ ഉൾപ്പെട്ട വാഹനാപകടം, അമേരിക്കയിൽ ട്രക്ക് ഡ്രൈവിംഗ് വഴി പുതിയ ജീവിതം സ്വപ്നം കാണുന്ന പഞ്ചാബിൽ നിന്നുള്ള ആയിരക്കണക്കിന് കുടിയേറ്റക്കാർക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്.  ഈ അപകടത്തെ തുടർന്ന് ഡ്രൈവർക്കെതിരെ നരഹത്യാക്കുറ്റം ചുമത്തിയിരുന്നു. ഇയാൾ അനധികൃത കുടിയേറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ നാടുകടത്തൽ നടപടികളും നേരിടുകയാണ്.

ഫ്ലോറിഡയിലെ അപകടം അമേരിക്കൻ ട്രക്കിംഗ് വ്യവസായത്തിലെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചും, ഇമിഗ്രേഷൻ നിയമങ്ങളെയും കുറിച്ച് ദേശീയ തലത്തിൽ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. കൂടാതെ, അമേരിക്കൻ മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും സിഖ് ട്രക്കിംഗ് സമൂഹത്തിനെതിരെ വംശീയ അധിക്ഷേപങ്ങളും ശക്തമായ വിമർശനങ്ങളും ഉയർന്നു വരികയും ചെയ്തു. തുർന്ന്, അമേരിക്കൻ അധികൃതർ സിഖ് ട്രക്ക് ഡ്രൈവർമാർക്ക് നേരെ കർശനമായ പരിശോധനകളും നിയമനടപടികളും ആരംഭിച്ചു. ഇതോടെയാണ് ഈ മേഖലയിൽ ജോലി ചെയ്യുന്ന നിരവധി പേരുടെ ഭാവി അനിശ്ചിതത്വത്തിലായത്.

അമേരിക്കൻ ട്രക്കിംഗ് മേഖലയിൽ 40 ശതമാനത്തോളം പേർ സിഖ് വംശജരാണെന്നാണ് കണക്ക്. നിയമപരമായ രേഖകളില്ലാത്ത ട്രക്ക് ഡ്രൈവർമാർക്ക് വലിയ പിഴയും നാടുകടത്തൽ ഭീഷണിയും നേരിടേണ്ടി വരുമെന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഒരു വ്യക്തിയുടെ തെറ്റിൻ്റെ പേരിൽ ഒരു സമൂഹത്തെ മുഴുവൻ ശിക്ഷിക്കുന്നത് ശരിയല്ലെന്നും, തങ്ങളുടെ കമ്മ്യൂണിറ്റി പതിറ്റാണ്ടുകളായി അമേരിക്കൻ ട്രക്കിംഗ് വ്യവസായത്തിന് നൽകിയ സംഭാവനകൾ പരിഗണിക്കണമെന്നും സിഖ് സംഘടനകൾ ആവശ്യപ്പെടുന്നുണ്ട്.