കാറിൽ കൊണ്ടുപോകാവുന്ന ചെറു വിമാനവുമായി ചൈന

By: 600110 On: Oct 24, 2025, 10:56 AM

മടക്കി കാറിൽ കൊണ്ടു പോകാനാവുന്ന തരത്തിൽ ഒരു കൊച്ചു വിമാനം. ആതാരണ് ചൈനയുടെ ജാനസ് 1. ചൈനീസ് കമ്പനിയായ X-കൺട്രോൾ സിസ്റ്റംസ് വികസിപ്പിച്ച 'ജാനസ്-1' എന്ന ultralight VTOL (വെർട്ടിക്കൽ ടേക്ക്-ഓഫ് ആൻഡ് ലാൻഡിംഗ്) ഹെലികോപ്റ്റർ വ്യക്തിഗത വ്യോമഗതാഗതത്തെ തന്നെ  ഉടച്ചുവാർക്കാൻ സാധ്യതയുള്ള ഒന്നാണ്.  

Flying Suitcase എന്ന് വിളിപ്പേരുള്ള ഈ ചെറു ഹെലികോപ്റ്ററിനെ എളുപ്പത്തിൽ മടക്കി ഒതുക്കാൻ സാധിക്കും. ഒരു സാധാരണ കാറിൻ്റെ ഡിക്കിയിൽ  വെച്ച് കൊണ്ടുപോകാൻ കഴിയുന്നത്ര വലുപ്പം മാത്രമെ ഇതിനുള്ളൂ. ഡീസൽ, കെറോസിൻ, ജെറ്റ് A ഇന്ധനങ്ങളിൽ പ്രവർത്തിക്കുന്ന ടർബോ ഷാഫ്റ്റ് എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. നിലവിലുള്ള eVTOL (ഇലക്ട്രിക് VTOL) മോഡലുകളെ അപേക്ഷിച്ച് പോർട്ടബിലിറ്റിയിലും സൗകര്യത്തിലും ജാനസ്-1 മുന്നിട്ടുനിൽക്കുന്നുവെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു. ഈ ഹെലികോപ്റ്റർ പൈലറ്റോട് കൂടിയും പൈലറ്റ് ഇല്ലാതെയും പ്രവർത്തിപ്പിക്കാൻ സാധിക്കും.

വെറും 70 കിലോഗ്രാം ഭാരമുള്ള കോർ മൊഡ്യൂളിന് പരമാവധി 200 കിലോഗ്രാം ഭാരം വഹിക്കാൻ കഴിയും. മണിക്കൂറിൽ 100 കിലോമീറ്റർ ക്രൂയിസിംഗ് വേഗതയിൽ 30 മുതൽ 40 മിനിറ്റ് വരെ പറക്കാനുള്ള ശേഷി ജാനസ്-1-നുണ്ട്. ഇതിന്റെ ലളിതമായ നിയന്ത്രണ സംവിധാനം കാരണം, ഇത് പറപ്പിക്കാൻ പ്രത്യേക ലൈസൻസോ ഔദ്യോഗിക സർട്ടിഫിക്കേഷനോ ആവശ്യമില്ലെന്നും പറയപ്പെടുന്നു. വ്യക്തിഗത യാത്രകൾക്ക് പുറമെ, കാർഗോ, അടിയന്തിര വൈദ്യസഹായം, വ്യോമ സർവേകൾ, രക്ഷാപ്രവർത്തനങ്ങൾ എന്നിവയ്ക്കും ഈ പുതിയ ഹെലികോപ്റ്റർ ഉപയോഗിക്കാൻ സാധിക്കും.