ആൽബെർട്ടയിലെ അധ്യാപക സമരം അവസാനിപ്പിക്കാൻ ബാക് ടു വർക് ബിൽ കൊണ്ടുവരുമെന്ന് പ്രീമിയർ ഡാനിയേൽ സ്മിത്ത്. ബിൽ തിങ്കളാഴ്ച അവതരിപ്പിക്കുമെന്നും ഡാനിയേൽ സ്മിത്ത് വ്യക്തമാക്കി. മൂന്നാം ആഴ്ചയിലേക്ക് കടന്ന അധ്യാപക സമരത്തെ തുടർന്ന് 7,50,000 വിദ്യാർത്ഥികളുടെ ക്ലാസുകളാണ് തടസ്സപ്പെട്ടത്.
സമരം ഒരുപാട് നീണ്ടുപോയെന്നും അതിൻ്റെ ഫലമായി ഒട്ടേറെ കുടുംബങ്ങൾ കഷ്ടപ്പെടുകയാണെന്നും സ്മിത്ത് പറഞ്ഞു. എത്രയും പെട്ടെന്ന് ഒത്തുതീർപ്പിൽ എത്താത്ത പക്ഷം സർക്കാർ ഇടപെടൽ ഉണ്ടാകുമെന്ന് സ്മിത്ത് മുന്നറിയിപ്പ് നൽകുകയും ചെയ്തു. അതിനിടെ വ്യാഴാഴ്ച, നിയമസഭാ മന്ദിരത്തിന് പുറത്ത് ആയിരക്കണക്കിന് അധ്യാപകരും അനുകൂലികളും പ്രതിഷേധിച്ചു. പ്ലക്കാർഡുകൾ ഏന്തി മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം.
നാല് വർഷത്തിനുള്ളിൽ 12 ശതമാനം ശമ്പള വർദ്ധനവും 3,000 പുതിയ അധ്യാപക തസ്തികകളും അടക്കമുള്ള വാഗ്ദാനങ്ങൾ സർക്കാർ മുന്നോട്ടു വച്ചിരുന്നു. എന്നാൽ, ക്ലാസ് മുറിയിലെ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും പ്രത്യേക പരിഗണന ആവശ്യമുള്ള വിദ്യാർത്ഥികൾക്കുള്ള പിന്തുണയുടെ കാര്യത്തിലും കൂടുതൽ ശക്തമായ നടപടികൾ വേണമെന്ന് പറഞ്ഞ് അധ്യാപകർ ഇത് നിഷേധിക്കുകയായിരുന്നു.