കാനഡയിലെ ശരാശരി വീടുകളുടെ വില കുറയേണ്ടത് അത്യാവശ്യമാണെന്ന് ഫെഡറൽ ഭവനമന്ത്രി ഗ്രെഗോർ റോബർട്ട്‌സൺ. രാജ്യത്ത് അഫോർഡബിൾ ആയ വീടുകൾ ഉറപ്പിക്കുന്നതിൻ്റെ ഭാഗമായാണ് മന്ത്രിയുടെ പ്രസ്താവന. ഭവന മേഖലയിൽ നിലവിൽ പ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച മന്ത്രി, വീടുകളുടെ വില കുറയ്ക്കാനും ഭവന ലഭ്യത വർദ്ധിപ്പിക്കാനും ലിബറൽ സർക്കാർ നടപടികൾ എടുക്കുന്നുണ്ടെന്നും വ്യക്തമാക്കി.
കാനഡക്കാർക്ക് ലഭ്യമാകുന്ന വീടുകളുടെ ശരാശരി വില കുറയ്ക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. കാനഡയിലെ ശരാശരി ഭവനവില കുറയ്ക്കുന്നതിനായി, കൂടുതൽ നോൺ മാർക്കറ്റ് വീടുകൾ (അഫോർഡബിൾ വീടുകളോ സർക്കാർ പിന്തുണയുള്ളതോ ആയ വീടുകൾ) നിർമ്മിക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. ഈ ഭവനങ്ങൾ നിർമ്മിക്കുന്നതിലൂടെ ശരാശരി വില കുറയ്ക്കാൻ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഏതാനും മാസങ്ങൾക്കുമുമ്പ് വീടുകളുടെ വില കുറയേണ്ടതില്ലെന്നായിരുന്നു മന്ത്രിയുടെ അഭിപ്രായം. ആ നിലപാടിലാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്. പതിറ്റാണ്ടുകളായി വീടുകളുടെ വില കുതിച്ചുയർന്നതിനെത്തുടർന്ന് നിരവധിപേർക്ക് വീട് സ്വന്തമാക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഭവനലഭ്യത ഒരു പ്രധാന രാഷ്ട്രീയ വിഷയമായി മാറിയത്.