നയതന്ത്ര ഉദ്യോഗസ്ഥരുടെ തിരിച്ചുവരവ് സംബന്ധിച്ച് ഇരു രാജ്യങ്ങൾക്കുമിടയിൽ അഭിപ്രായ വ്യത്യാസത്തിൻ്റെ സൂചന നല്കി ഇന്ത്യൻ ഹൈക്കമ്മീഷണർ ദിനേശ് പട്‌നായിക്

By: 600110 On: Oct 23, 2025, 10:37 AM

 

കാനഡയുടെ മുഴുവൻ നയതന്ത്ര ഉദ്യോഗസ്ഥരെയും ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാൻ ഇന്ത്യൻ സർക്കാർ സമ്മതിച്ചുവെന്ന കനേഡിയൻ വിദേശകാര്യ മന്ത്രി അനിത ആനന്ദിൻ്റെ പ്രസ്താവന ഇന്ത്യൻ ഹൈക്കമ്മീഷണർ ദിനേശ് പട്‌നായിക് തള്ളി. കാനഡയിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് അക്രഡിറ്റേഷൻ നൽകുന്നതിലെ കാലതാമസം  ആദ്യം പരിഹരിക്കണമെന്ന് പട്‌നായിക് ദി കനേഡിയൻ പ്രസ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇതൊരു പരസ്പര വിശ്വാസത്തിൻ്റെ കാര്യമാണെന്നും  ഇരുവശത്തുനിന്നും വിശ്വാസം വളർത്തിയെടുക്കേണ്ടത് ആവശ്യമാണെന്നും ദിനേശ് പട്നായിക് കൂട്ടിച്ചേർത്തു.

കനേഡിയൻ വിദേശകാര്യ മന്ത്രി അനിത ആനന്ദ് ഈ മാസം ആദ്യം ഇന്ത്യ സന്ദർശിക്കുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ സുദൃഢമായെന്നും പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ്  അഭിപ്രായവ്യത്യാസത്തിൻ്റെ സൂചന നല്കുന്ന പുതിയ പ്രസ്താവന പുറത്ത് വന്നിരിക്കുന്നത്. ​കാനഡയുടെ മുഴുവൻ നയതന്ത്ര ഉദ്യോഗസ്ഥരെയും തിരികെ കൊണ്ടുവരാൻ ഇന്ത്യ അനുവദിക്കുമെന്ന് സന്ദർശനത്തിന് ശേഷം അനിത ആനന്ദ് മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു, എന്നാൽ ഇത് സംയുക്ത പ്രസ്താവനയിൽ ഉൾപ്പെടുത്തിയിരുന്നില്ല.  ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ പൂർണ്ണമായ തിരിച്ചുവരവ് ഉണ്ടാകുന്നതുവരെ വ്യാപാര ചർച്ചകൾ പുനരാരംഭിക്കുന്നത് പരിഗണിക്കേണ്ടതില്ലെന്നും ആനന്ദ് പറഞ്ഞിരുന്നു.