'നോ-ഫോൾട്ട് ഓട്ടോ ഇൻഷുറൻസ്' സമ്പ്രദായവുമായി ബന്ധപ്പെട്ട കരട് നിയമങ്ങൾ പുറത്തിറക്കി ആൽബർട്ട സർക്കാർ. 2027 ജനുവരിയിലാണ് ഇത് നിലവിൽ വരിക. കാർ അപകടങ്ങളിൽ സംഭവിക്കുന്ന പെർമനൻ്റ് ഇഞ്ച്വറികൾക്ക് നിശ്ചിത തുക നഷ്ടപരിഹാരം നൽകാനുള്ള വ്യവസ്ഥയാണ് കരട് നിയമത്തിലുള്ളത്. എന്നാൽ പുതിയ സംവിധാനം ഗുരുതരമായ പരിക്കുകളെ വെറും അക്കങ്ങളായി മാത്രം കണക്കാക്കുന്നുവെന്നാണ് വിമർശനം ഉരുന്നത്.
പുതിയ സമ്പ്രദായത്തെ എതിർക്കുന്ന FAIR അൽബെർട്ട എന്ന സംഘടന ചില ഉദാഹരണങ്ങൾ പുറത്തുവിട്ടു. ഇതനുസരിച്ച് ഒരു കണ്ണ് നഷ്ടപ്പെട്ടാൽ ലഭിക്കുക 56,717 ഡോളറാണ്. 20 ആഴ്ചക്ക് ശേഷമുള്ള ഗർഭം അലസലിന് 18,906 ഡോളറും ലഭിക്കും. ഇത്തരം കണക്കുകൾ ഞെട്ടിക്കുന്നതും അനുകമ്പ ഇല്ലാത്തതുമാണെന്നാണ് നിയമ വിദഗ്ദ്ധനായ ഫ്രെഡ് ലിറ്റ്വിനിയുക് പ്രതികരിച്ചത്. ഒരേ പരിക്ക് തന്നെ ആളുകളുടെ ജോലിയെയോ ജീവിതശൈലിയെയോ ആശ്രയിച്ച് വ്യത്യസ്തമായി ബാധിക്കുമെന്നും അദ്ദേഹം വാദിച്ചു. ഉദാഹരണത്തിന്, ഒരു കൈക്ക് പരിക്കേൽക്കുന്നത് ഒരു സംഗീതജ്ഞനെ ബാധിക്കുന്നതുപോലെയല്ല ഒരു ഓഫീസ് ജീവനക്കാരനെ ബാധിക്കുന്നത്. നിലവിലെ സംവിധാനത്തിൽ ഇത്തരം വ്യക്തിപരമായ പരിഗണന നൽകാൻ കഴിയും. എന്നാൽ പുതിയതിൽ അതിന് സാധിക്കില്ലെന്നും ലിറ്റ്വിനിയുക് അഭിപ്രായപ്പെട്ടു.
ഒരു പരിക്ക് പെർമനൻ്റ് ഇഞ്ച്വറിയായി കണക്കാക്കണോ എന്ന് ഇൻഷുറൻസ് കമ്പനികൾ തന്നെയാകും തീരുമാനിക്കുക. അതിനാൽ, നഷ്ടപരിഹാരം സ്വാഭാവികമായി ലഭിക്കില്ല. അതിനാൽ ഇത്രയും വലിയ മാറ്റങ്ങൾ പൊതുജന വോട്ടെടുപ്പിന് വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ കരട് നിയമത്തിൽ നിശ്ചിത തുകകൾ പട്ടികപ്പെടുത്തിയിട്ടില്ലെന്നായിരുന്നു അൽബെർട്ട സർക്കാരിൻ്റെ പ്രതികരണം. നഷ്ടപരിഹാരം, പരിക്കിൻ്റെ കാഠിന്യത്തെയും പ്രവിശ്യ നിശ്ചയിക്കുന്ന പരമാവധി ആനുകൂല്യത്തെയും ആശ്രയിച്ചിരിക്കുമെന്നും സർക്കാർ കൂട്ടിച്ചേർത്തു.