ആൽബർട്ടയിൽ AI ഉപയോഗിച്ച് വളർത്തു നായ ലിക്കർ സ്റ്റാഫ് സർട്ടിഫിക്കേഷൻ നേടിയത് വാർത്തകളിലിടം നേടുന്നു. ഫീബി എന്ന പഗ്ഗ് ആണ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച് പ്രോസെർവ് ലിക്കർ സ്റ്റാഫ് സർട്ടിഫിക്കേഷൻ നേടിയത്. ഫീബി ഒരു ക്ലാസിലോ പരിശീലനത്തിലോ പങ്കെടുത്തിട്ടില്ല, എന്നിട്ടും അവൾ ഓൺലൈൻ ടെസ്റ്റ് പാസാവുകയായിരുന്നു. മദ്യം വിളമ്പുന്ന ആളുകൾക്ക് ആൽബർട്ടയിൽ ഈ സർട്ടിഫിക്കേഷൻ നിർബന്ധമാണ്.
കോഗ്നിസെൻസ് (Cognisense) എന്ന കമ്പനിയിലെ സീനിയർ പാർട്ണറാണ് ഫീബിയുടെ ഉടമയായ ഡാർസി ചാലിഫോക്സ്. ഓൺലൈൻ സർട്ടിഫിക്കേഷൻ സംവിധാനങ്ങളിൽ തട്ടിപ്പ് നടത്തുക എത്രത്തോളം എളുപ്പമാണെന്ന് തെളിയിക്കാനാണ് നായയെ ഉപയോഗിച്ച് സർട്ടിഫിക്കേഷണ നേടിയതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഏകദേശം 200 വ്യാജ സർട്ടിഫിക്കറ്റുകളാണ് ഫീബി സ്വന്തമാക്കിയത്. ഇത്തരം പഴുതുകൾ യഥാർത്ഥ ജീവിതത്തിൽ വലിയ അപകടങ്ങൾക്ക് വഴിവെക്കുമെന്ന് കോഗ്നിസെൻസിൻ്റെ മാനേജിംഗ് ഡയറക്ടർ റോബർട്ട് ഡേ മുന്നറിയിപ്പ് നൽകി.
വ്യാജ ഐഡൻ്റിറ്റികൾ ഉപയോഗിച്ച് യോഗ്യതയില്ലാത്ത തൊഴിലാളികൾക്ക് സർട്ടിഫിക്കറ്റ് ലഭിച്ചാൽ ആളുകൾക്ക് അപകടം സംഭവിക്കാമെന്ന് അദ്ദേഹം പറഞ്ഞു. പഴയ കമ്പ്യൂട്ടർ സംവിധാനങ്ങളും കാലഹരണപ്പെട്ട ഫയൽ ഫോർമാറ്റുകളും കാരണം പരിശീലന രേഖകളിൽ മാറ്റം വരുത്താനോ ഹാക്ക് ചെയ്യാനോ എളുപ്പമാണെന്നും ഡേ വിശദീകരിച്ചു. അതിനാൽ പരിശീലനത്തിൽ പങ്കെടുക്കുന്നത് ആരാണെന്ന് ഉറപ്പുവരുത്തണമെന്ന് അദ്ദേഹം സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു.