ബ്രിട്ടീഷ് കൊളംബിയയിൽ, തൊഴിലാളികൾക്ക് ഗുരുതരമായ രോഗങ്ങൾക്കും പരിക്കുകൾക്കും ശമ്പളമില്ലാത്ത അവധി (Unpaid Leave) നൽകാൻ നിയമം വരുന്നു. പ്രവിശ്യയിലെ തൊഴിൽ നിയമത്തിൽ ഭേദഗതി വരുത്തിയാണ് ഇത് നടപ്പിലാക്കുക. ഒരു വർഷം 27 ആഴ്ച വരെ അതായത് ഏകദേശം ആറ് മാസത്തിലധികം ശമ്പളമില്ലാത്ത അവധി നൽകാനാണ് പുതിയ നിർദ്ദേശം. കീമോതെറാപ്പി പോലുള്ള ചികിത്സകൾ ആവശ്യമുള്ള തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുമെന്ന ആശങ്കയില്ലാതെ ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇത് സഹായകമാകുമെന്ന് പ്രീമിയർ ഡേവിഡ് എബി വ്യക്തമാക്കി.
സർക്കാരിൻ്റെ അംഗീകാരം നേടുന്ന പക്ഷം ഈ ശരത്കാലത്തിൽ തന്നെ നിയമം പ്രാബല്യത്തിൽ വരും. ഒരു വ്യക്തിയുടെ ആരോഗ്യപരമായ പ്രതിസന്ധി ഘട്ടങ്ങളിൽ അവർക്ക് തൊഴിൽ സുരക്ഷ ഉറപ്പാക്കുകയാണ് നിയമ ഭേദഗതിയുടെ പ്രധാന ലക്ഷ്യം. കടുത്ത രോഗങ്ങളോ പരിക്കുകളോ ഉണ്ടാകുമ്പോൾ ചികിത്സാപരമായ ആവശ്യങ്ങൾക്കായി തൊഴിലാളികൾക്ക് ആവശ്യമായ സമയം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഈ അവധി സൗകര്യം ഉപകരിക്കുമെന്നും, ഇത് ബി.സി.യിലെ തൊഴിലാളി സമൂഹത്തിന് ആശ്വാസമാകുമെന്നും അധികൃതർ അറിയിച്ചു.