കാനഡയിലെ ഇലക്ട്രിക് വാനുകളുടെ ഉത്പാദനം നിർത്തുന്നുവെന്ന് ജനറൽ മോട്ടോഴ്സ്. 1,200 പേർക്കാണ് ഇതേ തുടർന്ന് ജോലി നഷ്ടമാവുക. തങ്ങളുടെ ബ്രൈറ്റ്‌ഡ്രോപ്പ് ഇലക്ട്രിക് വാനുകളുടെ ഉത്പാദനം നിർത്തുമെന്നാണ് ജനറൽ മോട്ടോഴ്സ് പ്രഖ്യാപിച്ചത്. ഇലക്ട്രിക് വാനുകൾക്കുള്ള ആവശ്യകത കുറഞ്ഞതും അമേരിക്കയുടെ ഇലക്ട്രിക് വാഹന ടാക്‌സ് ക്രെഡിറ്റുകൾ കാലഹരണപ്പെട്ടതുമാണ് ഈ തീരുമാനത്തിന് കാരണമെന്ന് കമ്പനി അറിയിച്ചു.
മറ്റൊരു വാഹന നിർമ്മാതാക്കളായ സ്റ്റെല്ലാൻ്റിസ് തങ്ങളുടെ ജീപ്പ് ഉത്പാദനം ടൊറൻ്റോയിൽ നിന്ന് ഇല്ലിനോയിസിലേക്ക് മാറ്റുകയാണെന്ന് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതിന് പിറകെ കാനഡയുടെ വാഹന വ്യവസായത്തിന് ഏൽക്കുന്ന ഒരു തിരിച്ചടിയാണ് ജി.എമ്മിൻ്റെ ഈ തീരുമാനം. ഈ അടച്ചുപൂട്ടലിന് കാരണം പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ വ്യാപാര നയങ്ങളും കനേഡിയൻ വാഹനങ്ങൾക്കുമേലുള്ള 25 ശതമാനം പുതിയ തീരുവകളുമാണെന്ന് വാഹന തൊഴിലാളി യൂണിയനായ യുണിഫോർ ആരോപിച്ചു. രാഷ്ട്രീയ ഇടപെടലിനും കോർപ്പറേറ്റ് നിഷ്‌ക്രിയത്വത്തിനും തൊഴിലാളികൾ വില കൊടുക്കേണ്ടി വരികയാണെന്ന് യൂണിയൻ നേതാവായ ലാന പേയ്ൻ പറഞ്ഞു.
ഇംഗേഴ്‌സോളിലെ ജി.എം. പ്ലാൻ്റ് 2022-ൽ 519 ദശലക്ഷം കനേഡിയൻ ഡോളറിലധികം സർക്കാർ സഹായത്തോടെയാണ് നവീകരിച്ചത്. വിൽപ്പനയിലെ മാന്ദ്യം കാരണം മേയിൽ ഉത്പാദനം നിർത്തിവെച്ചിരുന്നെങ്കിലും ഉടൻ പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അതിനിടെയാണ് ചൊവ്വാഴ്ച ഉത്പാദനം നിർത്താനുള്ള തീരുമാനം വന്നത്. ഇലക്ട്രിക് ഡെലിവറി വാനുകളുടെ വിപണി പ്രതീക്ഷിച്ചതിലും സാവധാനത്തിലാണ് വളരുന്നതെന്ന് ജി.എം. ചീഫ് എക്സിക്യൂട്ടീവ് മേരി ബാറ പറഞ്ഞു. പ്ലാൻ്റിൻ്റെ ഭാവി എന്താകുമെന്നതിനെക്കുറിച്ച് അവർ വ്യക്തമാക്കിയില്ല.
ജനറൽ മോട്ടോഴ്സ് നേരിടുന്ന സാഹചര്യം സ്റ്റെല്ലാൻ്റിസ് വിഷയത്തിൽ നിന്ന് വ്യത്യസ്തമാണെന്ന് കാനഡയുടെ വ്യവസായ മന്ത്രിയായ മെലാനി ജോളി പറഞ്ഞു. ജി.എമ്മിൻ്റെ പ്രശ്നം വാണിജ്യപരമാണ്, കരാർ ലംഘനമല്ലെന്നും അവർ വിശദീകരിച്ചു. എങ്കിലും, പൊതു ഫണ്ടിൻ്റെ കാര്യത്തിൽ കമ്പനിക്ക് ഉത്തരവാദിത്തമുണ്ടെന്ന് മന്ത്രി ഉറപ്പുനൽകി. ഭാവിയിൽ മറ്റൊരു വാഹന നിരയുമായി ഫാക്ടറി വീണ്ടും തുറക്കുന്നതിനുള്ള വഴികൾ സർക്കാർ തേടുമെന്നും ജോളി കൂട്ടിച്ചേർത്തു.