യുഎഇയില്‍, പ്രത്യേകിച്ച് ദുബായില്‍ ഹോട്ടല്‍ മുറികളുടെ എണ്ണം കുതിച്ചുയരുകയാണ്. രാജ്യത്തുടനീളം 23,000 ത്തിലേറെ പുതിയ ഹോട്ടല്‍ മുറികളാണ് നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ളതെന്ന് ആഗോള റിയല്‍ എസ്‌റ്റേറ്റ് കണ്‍സള്‍ട്ടന്‍സിയായ നൈറ്റ് ഫ്രാങ്കിന്റെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ 2,13,928 ഹോട്ടല്‍ മുറികളാണ് യുഎഇയില്‍ ഉള്ളത്. ഇത് 2030 നകം 2,35,674 ആയി ഉയരും. ദുബായില്‍ മാത്രം നിലവിലെ 1,52,478 മുറികള്‍ 2030 ഓടെ 1,65,339 ആയി വര്‍ധിക്കും. രാജ്യത്തിന്റെ ആതിഥേയ മേഖലയുടെ വളര്‍ച്ചയ്ക്ക് അടിവരയിടുന്ന കണക്കാണിത്.
ഈ വികസനം യുഎഇയുടെ ആതിഥേയ മേഖലയില്‍ വന്‍തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഏകദേശം 11,500 മുതല്‍ 34,500 വരെ പുതിയ തൊഴിലുകള്‍ ഉണ്ടാകുമെന്നാണ് നൈറ്റ് ഫ്രാങ്കിന്റെ പ്രവചനം. ഹൗസ്‌കീപ്പിംഗ്, ഭക്ഷണ-പാനീയ വിഭാഗം, കണ്‍സേര്‍ജ്, സ്പാ ജോലികള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.