ഓൺലൈൻ തട്ടിപ്പുകളും കള്ളപ്പണം വെളുപ്പിക്കലും തടയുന്നതിനായി ഒരു പുതിയ ഫിനാൻഷ്യൽ ക്രൈംസ് ഏജൻസി സ്ഥാപിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് കനേഡിയൻ ഫെഡറൽ സർക്കാർ. രാജ്യത്ത് സാമ്പത്തിക കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നിർണായക നടപടി. 2024-ൽ മാത്രം കാനഡക്കാർക്ക് തട്ടിപ്പുകൾ വഴി $643 മില്യൺ ഡോളറിൻ്റെ (ഏകദേശം $458 മില്യൺ യുഎസ് ഡോളർ) നഷ്ടമുണ്ടായതായി കനേഡിയൻ ആൻ്റി-ഫ്രോഡ് സെന്റർ റിപ്പോർട്ട് ചെയ്തിരുന്നു. 202നെ അപേക്ഷിക്ക് 300 ശതമാനത്തിൻ്റെ വർദ്ധനവാണിത്. നഷ്ടങ്ങളുടെ അഞ്ച് മുതൽ പത്ത് ശതമാനം മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത് എന്നും അധികൃതർ കണക്കാക്കുന്നു.
പുതിയ ഏജൻസി 2026-ൻ്റെ ആദ്യ പകുതിയോടെ പ്രവർത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ, സംഘടിത കുറ്റകൃത്യങ്ങൾ, സങ്കീർണ്ണമായ ഓൺലൈൻ തട്ടിപ്പുകൾ എന്നിവ അന്വേഷിക്കുന്നതിനും നിയമവിരുദ്ധമായി സമ്പാദിച്ച പണം കണ്ടുകെട്ടുന്നതിനും ഈ ഏജൻസിക്ക് ചുമതലയുണ്ടാകും. കൂടാതെ, തട്ടിപ്പുകൾ കണ്ടെത്തുന്നതിനും തടയുന്നതിനുമുള്ള നടപടിക്രമങ്ങൾ നടപ്പിലാക്കണമെന്ന് ബാങ്കുകളോട് ആവശ്യപ്പെടുന്ന നിയമ ഭേദഗതികളും സർക്കാർ അവതരിപ്പിക്കും. സാമ്പത്തിക തട്ടിപ്പിൽ നിന്ന് പൗരന്മാരെ സംരക്ഷിക്കുന്നതിനുള്ള സർക്കാരിൻ്റെ ആദ്യത്തെ ദേശീയ ആൻ്റി-ഫ്രോഡ് സ്ട്രാറ്റജിയുടെ ഭാഗമാണ് ഈ നടപടികൾ.