യുവാക്കൾക്കിടയിലെ വർദ്ധിക്കുന്ന തൊഴിലില്ലായ്മയെ നേരിടാൻ കൂടുതൽ യുവ ആൽബെർട്ടക്കാരെ ജോലിക്കെടുക്കണമെന്ന് പ്രാദേശിക ബിസിനസ്സുകളോട് ആവശ്യപ്പെട്ട് ആൽബെർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത് . പ്രവിശ്യയിലെ 15-നും 24-നും ഇടയിൽ പ്രായമുള്ള യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് സെപ്റ്റംബറിൽ 14.7 ശതമാനം ആയി കുറഞ്ഞു. ഇത് ഓഗസ്റ്റിൽ 17ഉം ജൂലൈയിൽ 20.3 ഉം ശതമാനം ആയിരുന്നു.
ഈ കണക്കുകൾ പ്രോത്സാഹജനകമാണെങ്കിലും ഇപ്പോഴും വളരെ കൂടുതലാണെന്ന് എഡ്മൺടൺ ചേംബർ ഓഫ് കൊമേഴ്സിനെ അഭിസംബോധന ചെയ്യവെ സ്മിത്ത് പറഞ്ഞു. തുടക്കത്തിൽ തന്നെ തൊഴിൽ പരിചയം ലഭിച്ചില്ലെങ്കിൽ, യുവാക്കൾക്ക് സുസ്ഥിരമായൊരു കരിയർ കെട്ടിപ്പടുക്കാൻ ബുദ്ധിമുട്ടേണ്ടി വരുമെന്നും അവർ മുന്നറിയിപ്പ് നൽകി. ഈ പ്രശ്നം പരിഹരിക്കുന്നതിനായി, സർക്കാർ സെപ്റ്റംബറിൽ എട്ട് ദശലക്ഷം ഡോളറിൻ്റെ ആൽബെർട്ട യൂത്ത് എംപ്ലോയ്‌മെൻ്റ് ഇൻസെൻ്റീവ് പ്രോഗ്രാം ആരംഭിച്ചിട്ടുണ്ട്. ഈ പദ്ധതി പ്രകാരം യുവ തൊഴിലാളികൾക്ക് മണിക്കൂറിന് 10 ഡോളർ വേതനം ഉറപ്പാക്കുകയും, ഏകദേശം 1,000 ബിസിനസ്സുകൾക്ക് 2,500 യുവാക്കളെ നിയമിക്കാൻ സഹായം നൽകുകയുമാണ് ലക്ഷ്യം. യുവജനങ്ങളെ ജോലിക്കെടുക്കുന്നത് ആൽബെർട്ടയുടെ ഭാവി തൊഴിൽ ശക്തിയിലുള്ള ഒരു നിക്ഷേപമായി കാണണമെന്ന് സ്മിത്ത് തൊഴിലുടമകളോട് അഭ്യർത്ഥിച്ചു.
തൊഴിലവസരങ്ങൾ കുറഞ്ഞതും, മത്സരം വർധിച്ചതും, പരിശീലനത്തിൻ്റെ അഭാവവുമാണ് യുവാക്കളുടെ തൊഴിൽ സാധ്യതകളെ ദോഷകരമായി ബാധിക്കുന്നതെന്ന് കിംഗ്സ് ട്രസ്റ്റ് കാനഡയുടെ റിപ്പോർട്ട് കണ്ടെത്തി. യുവാക്കൾക്കിടയിലെ കുറഞ്ഞ തൊഴിൽ ലഭ്യത ഉത്പാദനക്ഷമതയെ പരിമിതപ്പെടുത്തുകയും അസമത്വം വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകി. സാമ്പത്തിക ശാസ്ത്രജ്ഞനായ ട്രെവർ ടോംബെയുടെ അഭിപ്രായത്തിൽ, സാമ്പത്തിക വളർച്ചയിലെ മാന്ദ്യവും, പ്രത്യേകിച്ചും റീട്ടെയിൽ, ഫുഡ് സർവീസസ് മേഖലകളിലെ തൊഴിൽ ഒഴിവുകളുടെ കുറവുമാണ് ഇതിനുള്ള പ്രധാന കാരണങ്ങൾ. നിയമനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് തൊഴിൽ അവസരങ്ങൾ വർദ്ധിക്കുന്നതിന് സഹായിക്കുമെങ്കിലും, മൊത്തത്തിലുള്ള സാമ്പത്തിക വളർച്ച വർദ്ധിപ്പിക്കുക എന്നതാണ് യഥാർത്ഥ പരിഹാരമെന്നും അദ്ദേഹം വ്യക്തമാക്കി.