വിദേശ യാത്രക്കാർക്കായി പുതിയ ഇ-അറൈവൽ കാർഡ് (e-Arrival Card) സംവിധാനം അവതരിപ്പിച്ച് ഇന്ത്യ . 2025 ഒക്ടോബർ ഒന്ന് മുതൽ സന്ദർശകർക്ക് പഴയ പേപ്പർ കാർഡിന് പകരം ഇലക്ട്രോണിക് അറൈവൽ ഫോം പൂരിപ്പിക്കാൻ സാധിക്കും. ഇമിഗ്രേഷൻ നടപടികൾ ഡിജിറ്റൈസ് ചെയ്യാനും എയർപോർട്ട് പ്രവേശം വേഗത്തിലും സുഗമമാക്കാനുമുള്ള സർക്കാരിൻ്റെ പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം. ഈ ഇ-അറൈവൽ കാർഡ് ഇന്ത്യൻ വിസ വെബ്‌സൈറ്റ്, ബ്യൂറോ ഓഫ് ഇമിഗ്രേഷൻ സൈറ്റ്, അല്ലെങ്കിൽ സു-സ്വാഗതം മൊബൈൽ ആപ്പ് എന്നിവ വഴി ഓൺലൈനായി സമർപ്പിക്കാം.
ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് 72 മണിക്കൂർ മുമ്പ് വരെ യാത്രക്കാർക്ക് ഫോം പൂരിപ്പിക്കാൻ അനുവാദമുണ്ട്. മാറ്റത്തിൻ്റെ ഈ ആറുമാസത്തെ കാലയളവിൽ പേപ്പർ അറൈവൽ ഫോമുകൾ തുടർന്നും സ്വീകരിക്കുമെന്ന് സർക്കാർ അറിയിച്ചു. എങ്കിലും, എയർപോർട്ടുകളിലെ നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ഡിജിറ്റൽ ഓപ്ഷൻ ഉപയോഗിക്കാനാണ് വിദേശ സന്ദർശകരെ പ്രോത്സാഹിപ്പിക്കുന്നത്. പാസ്‌പോർട്ട് നമ്പറും സന്ദർശന ലക്ഷ്യവുമുൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ, യാത്രാ വിവരങ്ങൾ, കോൺടാക്റ്റ് വിശദാംശങ്ങൾ എന്നിവ ഓൺലൈൻ ഫോമിൽ പൂരിപ്പിക്കേണ്ടതുണ്ട്.
യാത്രക്കാർ തങ്ങൾ എത്തിച്ചേരുന്ന തീയതിയും (arrival date) കഴിഞ്ഞ ആറ് ദിവസത്തിനുള്ളിൽ സന്ദർശിച്ച രാജ്യങ്ങളുടെ പട്ടികയും രേഖപ്പെടുത്തണം. ഇമിഗ്രേഷൻ കൗണ്ടറുകളിലെ ക്യൂ കുറയ്ക്കുന്നതിനും മാനുവൽ ഡാറ്റാ എൻട്രി ഒഴിവാക്കുന്നതിനും ഡിജിറ്റൽ സംവിധാനം സഹായിക്കുമെന്ന് അധികൃതർ പറയുന്നു. ഇ-അറൈവൽ കാർഡ് ഇ-വിസയിൽ (e-Visa) നിന്ന് വ്യത്യസ്തമാണെന്ന് അധികാരികൾ വ്യക്തമാക്കി. പ്രവേശനത്തിന് ഇ-വിസ ഇപ്പോഴും ആവശ്യമാണ്. ഇതോടെ, വിദേശ പൗരന്മാർക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് സാധുവായ വിസയും പൂരിപ്പിച്ച ഇ-അറൈവൽ കാർഡും ആവശ്യമായി വരും.