2025-ൽ കാനഡയിൽ നിന്ന് റെക്കോർഡ് എണ്ണം ഇന്ത്യൻ പൗരന്മാരെ നാടുകടത്താൻ ഒരുങ്ങുന്നു. ഈ വർഷം ജൂലൈ മാസത്തോടെ, 1,891 ഇന്ത്യക്കാരെ ഇതിനകം രാജ്യത്തുനിന്ന് പുറത്താക്കി കഴിഞ്ഞു. കഴിഞ്ഞ വർഷം 1,997 ഇന്ത്യക്കാരെ ആയിരുന്നു ആകെ പുറത്താക്കിയത്. 2024-ൽ, മെക്സിക്കൻ പൗരന്മാർക്ക് ശേഷം ഏറ്റവും കൂടുതൽ നാടുകടത്തപ്പെട്ട രണ്ടാമത്തെ വിഭാഗം ഇന്ത്യക്കാരായിരുന്നു.
2019-ൽ 625 ഇന്ത്യക്കാരെ മാത്രമാണ് പുറത്താക്കിയിരുന്നത്. ഇതുമായി താരതമ്യം ചെയ്യുമ്പോൾ ഇപ്പോഴത്തെ എണ്ണം ക്രമാതീതമായി ഉയർത്തിട്ടുണ്ട്. നിലവിൽ, 6,837 ഇന്ത്യക്കാരാണ് നാടുകടത്തൽ കാത്തിരിക്കുന്നത്. എല്ലാ വിദേശ പൗരന്മാരിലും വെച്ച് ഏറ്റവും ഉയർന്ന കണക്കാണിത്. 5,170 മെക്സിക്കൻ പൗരന്മാരും 1,734 അമേരിക്കൻ പൗരന്മാരുമാണ് തൊട്ടുപിന്നിലുള്ളത്. കാനഡയിൽ തീർപ്പാകാതെ അവശേഷിക്കുന്ന 30,733 നാടുകടത്തൽ കേസുകളിൽ ഭൂരിഭാഗവും അഭയം തേടുന്നവരുടേതാണ്. നാടുകടത്തൽ നടപടികൾ വേഗത്തിലാക്കാനും മെച്ചപ്പെട്ട രീതിയിൽ കൈകാര്യം ചെയ്യാനും തൻ്റെ സർക്കാർ പദ്ധതിയിടുന്നതായി പ്രധാനമന്ത്രി മാർക്ക് കാർണി അറിയിച്ചു. കുടിയേറ്റ സംവിധാനത്തിൻ്റെ ഭാഗമായുള്ള ട്രാക്കിംഗും വിഭവ ലഭ്യതയും മെച്ചപ്പെടുത്താൻ പരിഷ്കാരങ്ങൾ വരുത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. 400,000 കനേഡിയൻ ഡോളറിലധികം മൂല്യമുള്ള മെയിൽ മോഷണ കേസിൽ ഇന്ത്യൻ വംശജരായ എട്ട് പേർ അടുത്തിടെ അറസ്റ്റിലായിരുന്നു. ഈ സംഭവത്തോടെ കുടിയേറ്റ വിരുദ്ധ വികാരം ശക്തമായിട്ടുണ്ട്.