ഒൻ്റാരിയോയിൽ സ്പീഡ് ക്യാമറകൾ നിരോധിക്കാനുള്ള സർക്കാരിൻ്റെ നീക്കത്തിനെതിരെ മാതാപിതാക്കളുടെ സംഘടനകൾ പ്രവിശ്യയിലുടനീളം പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കാൻ ഒരുങ്ങുന്നു. സ്കൂൾ പരിസരങ്ങളിലെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സ്പീഡ് ക്യാമറകൾ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും, അവ എടുത്തുമാറ്റുന്നത് കൂടുതൽ അപകടങ്ങൾക്ക് കാരണമാകുമെന്നും മാതാപിതാക്കൾ വാദിക്കുന്നു.
ഈ നിരോധനം നടപ്പിലാക്കാനുള്ള സർക്കാർ നീക്കത്തെ തങ്ങൾ എതിർക്കുമെന്ന് പ്രതിഷേധത്തിന് നേതൃത്വം നൽകുന്നവർ വ്യക്തമാക്കി. സ്പീഡ് ക്യാമറകൾ വരുമാനം ഉണ്ടാക്കാനുള്ള ഉപാധിയാണെന്നായിരുന്നു പ്രീമിയർ ഡഗ് ഫോർഡ് അവകാശപ്പെട്ടിരുന്നത്. എന്നാൽ, ക്യാമറകൾ സ്ഥാപിച്ച പല മുനിസിപ്പാലിറ്റികളിൽ നിന്നുള്ള ഡാറ്റകളും പഠനങ്ങളും ഈ ഉപകരണങ്ങൾ വേഗത കുറയ്ക്കുന്നതിലും റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിലും ഫലപ്രദമാണെന്ന് തെളിയിക്കുന്നുണ്ട്. ക്യാമറകൾ നിരോധിക്കുന്നതിന് പകരം, ഈ സംവിധാനം കൂടുതൽ മെച്ചപ്പെടുത്തണമെന്ന് 20-ൽ അധികം മുനിസിപ്പാലിറ്റികളിലെ മേയർമാരും സ്കൂൾ ബോർഡുകളും സർക്കാരിനോട് അഭ്യർത്ഥിച്ചു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നുവെന്ന് തെളിയിക്കപ്പെട്ടൊരു സംവിധാനം ഒഴിവാക്കുന്നത് വിവേകശൂന്യമായ നടപടിയാണെന്നാണ് വിമർശകരുടെ അഭിപ്രായം.