കാനഡയിൽ ആരോഗ്യ മേഖലയിലെ പ്രതിസന്ധി രൂക്ഷമാകുന്നു

By: 600110 On: Oct 20, 2025, 9:42 AM

 

കാനഡയിൽ ആരോഗ്യ പ്രതിസന്ധി രൂക്ഷമാകുന്നു. ഓട്ടവയ്ക്ക് സമീപമുള്ള കനാറ്റയിലെ ആരോഗ്യ ക്ലിനിക്കിന് മുന്നിൽ പുതിയ ഡോക്ടറെ കാണുന്നതിനായി നൂറുകണക്കിന് ആളുകളാണ് എത്തിയത്. ഡോക്ടർമാരുടെ ക്ഷാമം രൂക്ഷമായ ഈ മേഖലയിൽ, പുതിയൊരു ഫാമിലി ഡോക്ടറെ സന്ദർശിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പലരും മണിക്കൂറുകളോളം ക്യൂവിൽ നിന്നത്. രാവിലെ ക്ലിനിക്ക് തുറക്കുന്നതിന് വളരെ മുമ്പുതന്നെ വരി രൂപപ്പെട്ടിരുന്നു. രാജ്യത്ത് വർധിച്ചുവരുന്ന ആരോഗ്യപ്രവർത്തകരുടെ ദൗർലഭ്യം എത്രത്തോളം ഗുരുതരമായ അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു എന്നതിൻ്റെ നേർക്കാഴ്ചയാണ് ഈ സംഭവം.

​പുതിയ ഡോക്ടർമാരെ നിയമിച്ചു എന്ന വാർത്ത പരന്നതോടെയാണ് ഇത്രയധികം ആളുകൾ ക്ലിനിക്കിലേക്ക് എത്തിയത്. തങ്ങൾക്ക് സ്ഥിരമായി കാണിക്കാൻ ഒരു ഡോക്ടർ ഇല്ലാത്തതിൻ്റെ ദുരിതം പങ്കുവെച്ച പലരും, ഒരു ഡോക്ടറെ ലഭിക്കുന്നത്  ലോട്ടറിയടിച്ചതിന് തുല്യമാണെന്നും അഭിപ്രായപ്പെട്ടു. അടിസ്ഥാനപരമായ ആരോഗ്യ പരിരക്ഷ പോലും ലഭ്യമല്ലാത്ത ഈ അവസ്ഥ കാനഡയിലെ ആരോഗ്യ സംവിധാനം നേരിടുന്ന വലിയ പ്രതിസന്ധിയാണ് തുറന്നുകാട്ടുന്നത്. അടിയന്തിരമായി കൂടുതൽ ഡോക്ടർമാരെ നിയമിക്കണമെന്നും പ്രാദേശിക ആരോഗ്യ സംവിധാനം ശക്തിപ്പെടുത്തണമെന്നും ജനങ്ങൾ ആവശ്യപ്പെടുന്നു.