കാൽഗറിയിൽ റോഡപകട മരണസംഖ്യ കഴിഞ്ഞ 10 വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ. പോലീസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഈ വർഷം ഇതുവരെ റോഡപകടങ്ങളിൽ 26 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. വർധിച്ചുവരുന്ന ഈ അപകടങ്ങൾ നഗരത്തിലെ റോഡ് സുരക്ഷാ നടപടികളുടെ അപര്യാപ്തതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
കഴിഞ്ഞ വ്യാഴാഴ്ച മാത്രം 24 മണിക്കൂറിനിടെ മൂന്ന് കാൽനട യാത്രക്കാർ വാഹനം ഇടിച്ച് മരിച്ചിരുന്നു. ഇത്തരം സംഭവങ്ങൾ കൂടുന്നത് കാൽഗറി പോലീസ് സർവീസ് അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ഈ സാഹചര്യത്തിൽ, അപകടങ്ങൾ കുറയ്ക്കുന്നതിനായി ട്രാഫിക് എൻഫോഴ്സ്മെൻ്റ് ശക്തമാക്കാനും, റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടികൾ ഊർജ്ജിതമാക്കാനും പോലീസ് തീരുമാനിച്ചു. അമിത വേഗത, ശ്രദ്ധയില്ലാത്ത ഡ്രൈവിംഗ്, മദ്യപിച്ചുള്ള ഡ്രൈവിംഗ് എന്നിവയാണ് അപകടങ്ങളുടെ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വാഹനമോടിക്കുന്നവരും കാൽനടയാത്രക്കാരും സുരക്ഷാ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. വർധിച്ചുവരുന്ന ട്രാഫിക് അപകട മരണങ്ങളെ തുടർന്ന് ഡ്രൈവർമാരെയും കാൽനടയാത്രക്കാരെയും ലക്ഷ്യമിട്ടുള്ള വിഷൻ സീറോ എന്ന റോഡ് സുരക്ഷാ കാമ്പയിനും സമൂഹമാധ്യമങ്ങളിലൂടെ ആരംഭിച്ചിട്ടുണ്ട്.