ബാലറ്റ് എണ്ണുന്നതുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങളെ തുടർന്ന് 2025-ലെ മുനിസിപ്പൽ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വൈകിയേക്കുമെന്ന് റിപ്പോർട്ട്

By: 600110 On: Oct 18, 2025, 5:41 AM

 

ബാലറ്റ് എണ്ണുന്നതിൽ വന്ന പുതിയ നിയമങ്ങളെ തുടർന്ന് 2025-ലെ മുനിസിപ്പൽ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വൈകിയേക്കുമെന്ന് റിപ്പോർട്ട്. 2024-ൽ യു.സി.പി. സർക്കാർ കൊണ്ടു വന്ന നിയമം അനുസരിച്ച്, എല്ലാ ബാലറ്റുകളും യന്ത്രങ്ങൾക്ക് പകരം കൈകൊണ്ടാണ് എണ്ണിത്തിട്ടപ്പെടുത്തേണ്ടത്. ഈ മാറ്റം വോട്ടെണ്ണലിൻ്റെ സമയവും ചെലവും വർദ്ധിപ്പിക്കുമെന്നാണ് സൂചന.

ഒകോട്ടോക്‌സിൽ  ബാലറ്റ് എണ്ണാൻ 80 തൊഴിലാളികളെയാണ് അധികമായി നിയമിച്ചതെന്ന് റിട്ടേണിംഗ് ഓഫീസർ   പറഞ്ഞു. ഇത് തിരഞ്ഞെടുപ്പ് ചെലവ് ഇരട്ടിയാക്കി. റെഡ് ഡീയർ കഴിഞ്ഞ തിരഞ്ഞെടുപ്പിലേതിനേക്കാൾ ഇരട്ടിയായി 500 ജീവനക്കാരെയാണ് നിയമിച്ചത്. വോട്ടെണ്ണൽ പല ദിവസങ്ങളിലേയ്ക്ക് നീണ്ടുപോകുമെന്നും അവർ പ്രതീക്ഷിക്കുന്നു. അമിതമായ ക്ഷീണം കാരണം പിഴവുകൾ സംഭവിക്കുന്നത് ഒഴിവാക്കാൻ, പല നഗരങ്ങളും അർദ്ധരാത്രിയോടെ എണ്ണൽ നിർത്തി രാവിലെ പുനരാരംഭിക്കാനാണ് പദ്ധതിയിടുന്നത്.  പ്രവിശ്യാ നിയമപ്രകാരം, ഒക്ടോബർ 24 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് മുമ്പ് മുനിസിപ്പാലിറ്റികൾ ഔദ്യോഗിക ഫലം സമർപ്പിക്കണം.

തിരഞ്ഞെടുപ്പ് ഫലങ്ങളിലുള്ള പൊതുജന വിശ്വാസം വർദ്ധിപ്പിക്കുന്നതിനാണ് പുതിയ സമ്പ്രദായം കൊണ്ടുവന്നതെന്നാണ് ആൽബെർട്ട സർക്കാരിൻ്റെ വാദം. ചെലവ് വർധിക്കുമെങ്കിലും, നേരിട്ടുള്ള എണ്ണൽ ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്നാണ് മുനിസിപ്പൽ കാര്യ മന്ത്രി ഡാൻ വില്യംസിൻ്റെ വക്താവ് പറഞ്ഞത്.  വേഗതയെക്കാൾ കൃത്യതയ്ക്ക് പ്രാധാന്യം നൽകുന്നതിനാൽ ക്ഷമയോടെ കാത്തിരിക്കണമെന്ന് പ്രാദേശിക റിട്ടേണിംഗ് ഓഫീസർമാർ ജനങ്ങളോടും അഭ്യർത്ഥിക്കുന്നു.