കാർബൺ മോണോക്സൈഡ് വിഷബാധയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത്, വെസ്റ്റ കമ്പനിയുടെ ചില ടാങ്ക് ലെസ് ഹോട്ട് വാട്ടർ ഹീറ്റർ മോഡലുകൾ തിരിച്ചുവിളിച്ചു. പുകക്കുഴലിൽ വിള്ളലുണ്ടായതായി റിപ്പോർട്ടുകൾ വന്നതിനെ തുടർന്നാണ് ഇത്. കാനഡയുടെ ആരോഗ്യ വിഭാഗമായ ഹെൽത്ത് കാനഡ, യു.എസ്. കൺസ്യൂമർ പ്രൊഡക്റ്റ് സേഫ്റ്റി കമ്മീഷൻ എന്നിവ സംയുക്തമായാണ് ഈ ഹീറ്ററുകൾ തിരിച്ചുവിളിക്കാൻ ഉത്തരവിട്ടത്.
വിള്ളലുകൾ കാരണം വാതകങ്ങൾ വീടിനുള്ളിലേക്ക് വ്യാപിക്കാമെന്നും ഇത് മരണത്തിനോ ഗുരുതരമായ പരിക്കുകൾക്കോ ഇടയാക്കുന്ന കാർബൺ മോണോക്സൈഡ് വിഷബാധയ്ക്ക് സാധ്യതയുണ്ടാക്കുന്നു എന്നും ഹെൽത്ത് കാനഡ അറിയിച്ചു. ഈ ഹീറ്റർ ഉപയോഗിക്കുന്നവർ ഉടൻ തന്നെ അതിൻ്റെ ഉപയോഗം നിർത്തണമെന്നും, വെസ്റ്റയുമായി ബന്ധപ്പെട്ട് ഒരു സർട്ടിഫൈഡ് ടെക്നീഷ്യനെക്കൊണ്ട് സൗജന്യമായി അറ്റകുറ്റപ്പണികൾ ചെയ്യിക്കണമെന്നും ഹെൽത്ത് കാനഡ അറിയിച്ചു. VRS, VRP എന്നീ എല്ലാ മോഡലുകളെ കൂടാതെ, VRS-Plus, VRP-Plus എന്നീ മോഡലുകളിലെ ചില യൂണിറ്റുകളെയും തിരിച്ചുവിളിക്കുമെന്നാണ് സൂചന.
2017 മെയ് മുതൽ 2025 ജൂലൈ വരെ കാനഡയിൽ 3,496 യൂണിറ്റ് ഉൽപ്പന്നങ്ങളാണ് വിറ്റഴിച്ചതെന്ന് വെസ്റ്റ റിപ്പോർട്ട് ചെയ്തു. ഒക്ടോബർ 10 വരെ, കാനഡയിൽ 10 ഉം, അമേരിക്കയിൽ 33 ഉം പുകക്കുഴലുകളിൽ വിള്ളൽ സംഭവിച്ചതായി കമ്പനിക്ക് റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്. എന്നാൽ, ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട് പരിക്കുകളോ മരണമോ റിപ്പോർട്ട് ചെയ്തിട്ടില്ല. താഴെ പറയുന്ന ഫോൺ നമ്പറുകളും ഇമെയിലും വഴി കമ്പനിയുമായി ബന്ധപ്പെടാവുന്നതാണ്.
ഫോൺ: 1-888-505-5525 ഇമെയിൽ: condensingwaterheater@realtimeresults.net