മറ്റു പ്രവിശ്യകളിലെ ആരോഗ്യ പ്രവർത്തകർക്ക് ഒൻ്റാരിയോയിൽ ജോലി ചെയ്യുന്നത് എളുപ്പമാക്കാൻ നിയമനിർമ്മാണവുമായി ഒൻ്റാരിയോ സർക്കാർ

By: 600110 On: Oct 17, 2025, 1:06 PM

മറ്റു പ്രവിശ്യകളിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകർക്ക് ഒൻ്റാരിയോയിൽ ജോലി ചെയ്യുന്നത് എളുപ്പമാക്കുന്നതിനുള്ള നിയമനിർമ്മാണത്തിന് ഒരുങ്ങി ഒൻ്റാരിയോ. നിലവിലുള്ള നിയമപരമായ അവകാശങ്ങൾ ദന്തരോഗ വിദഗ്ദ്ധർ ഒപ്‌റ്റോമെട്രിസ്റ്റുകൾ തുടങ്ങിയ മറ്റ് ആരോഗ്യ പ്രവർത്തകർക്കു കൂടി ബാധകമാക്കുന്നതാണ് പുതിയ ബിൽ. ബിൽ അടുത്തയാഴ്ച അവതരിപ്പിക്കുമെന്ന് ഒൻ്റാരിയോ തൊഴിൽ മന്ത്രി ഡേവിഡ് പിസിനി പറഞ്ഞു.

നിലവിൽ, മറ്റു പ്രവിശ്യകളിലെയും പ്രദേശങ്ങളിലെയും ഡോക്ടർമാർ, നഴ്സുമാർ, റെസ്പിറേറ്ററി തെറാപ്പിസ്റ്റുകൾ, മെഡിക്കൽ ലാബ് ടെക്നോളജിസ്റ്റുകൾ എന്നിവർക്ക് പ്രൊഫഷണൽ റെഗുലേറ്ററി കോളേജിൽ രജിസ്റ്റർ ചെയ്യുന്ന സമയത്തുതന്നെ ഒൻ്റാരിയോയിൽ  ജോലി ചെയ്യാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. പുതിയ ബില്ലിലൂടേ, ഈ അവകാശങ്ങൾ മറ്റു 16 ആരോഗ്യ മേഖലകളിലേക്ക് കൂടി വ്യാപിപ്പിക്കും. ദന്തരോഗ വിദഗ്ദ്ധർ, മെഡിക്കൽ റേഡിയേഷൻ ആൻഡ് ഇമേജിംഗ് ടെക്നോളജിസ്റ്റുകൾ, മിഡ്‌വൈഫുമാർ, ഒപ്‌റ്റോമെട്രിസ്റ്റുകൾ, ഫാർമസിസ്റ്റുകൾ, സൈക്കോളജിസ്റ്റുകൾ തുടങ്ങിയവർക്ക് പുതിയ നിയമം പ്രയോജനകരമാകും. 

നിയമങ്ങളിലെ മാറ്റം ഉദ്യോഗസ്ഥ നടപടികളിലെ കാലതാമസം ഒഴിവാക്കുമെന്നും, പ്രൊഫഷണലുകൾക്ക് വേഗത്തിൽ ഒൻ്റാരിയോയിൽ പ്രാക്ട്രീസ് തുടങ്ങാൻ കഴിയുമെന്നും ആരോഗ്യ മന്ത്രി സിൽവിയ ജോൺസ് ഒരു പ്രസ്താവനയിൽ അറിയിച്ചു. മറ്റു പ്രവിശ്യകളിൽ നിന്നും പ്രദേശങ്ങളിൽ നിന്നുമുള്ള ഡോക്ടർമാർക്കും നഴ്സുമാർക്കും ഒൻ്റാരിയോയിൽ ജോലി ചെയ്യാൻ താൽപ്പര്യമുണ്ടെങ്കിൽ, അവരുടെ അപേക്ഷാ ഫീസുകൾ കുറയ്ക്കുന്നതിനും ആവശ്യമായ രേഖകളുടെ എണ്ണം കുറയ്ക്കുന്നതിനും സമയപരിധി ലഘൂകരിക്കുന്നതിനും നടപടികൾ തുടങ്ങിയിട്ടുണ്ട്. ഇതിനായി കോളേജ് ഓഫ് ഫിസിഷ്യൻസ് ആൻഡ് സർജൻസ് ഓഫ് ഒൻ്റാരിയോ, കോളേജ് ഓഫ് നഴ്സസ് ഓഫ് ഒൻ്റാരിയോ എന്നിവരുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും സർക്കാർ അറിയിച്ചു.