കാനഡയിൽ വർധിച്ചുവരുന്ന അക്രമാസക്തമായ കുറ്റകൃത്യങ്ങൾ നേരിടുന്നതിൻ്റെ ഭാഗമായി, ജാമ്യ നിയമങ്ങളിൽ കൂടുതൽ കർശന പരിഷ്കാരങ്ങൾ ഏർപ്പെടുത്തുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി. ആവർത്തിച്ച് കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെയും അക്രമാസക്തമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെയും തെരുവുകളിൽ നിന്ന് അകറ്റി നിർത്തുക എന്നതാണ് പുതിയ നിയമനിർമ്മാണത്തിൻ്റെ പ്രധാന ലക്ഷ്യം.
അക്രമാസക്തമായ വാഹനമോഷണം, വീടുകയറിയുള്ള മോഷണം, മനുഷ്യക്കടത്ത്, ലൈംഗികാതിക്രമം തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് 'റിവേഴ്സ്-ഓണസ്' വ്യവസ്ഥ ഏർപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വ്യവസ്ഥ പ്രകാരം, ജാമ്യം ലഭിക്കാൻ പ്രതിക്ക് താൻ പുറത്തിറങ്ങാൻ വിശ്വസ്തനാണെന്ന് കോടതിയിൽ തെളിയിക്കേണ്ടിവരും, അല്ലാതെ ജാമ്യം നിഷേധിക്കാൻ പ്രോസിക്യൂഷൻ തെളിവ് ഹാജരാക്കേണ്ട നിലവിലെ രീതിയിൽ നിന്നുള്ള സുപ്രധാന മാറ്റത്തിനാണ് കളമൊരുങ്ങുന്നത്. ഒന്നിലധികം കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെടുന്നവർക്ക് ഒരേ സമയം ശിക്ഷകൾ അനുഭവിക്കാതെ, ഓരോ കുറ്റത്തിനും തുടർച്ചയായി ശിക്ഷകൾ അനുഭവിക്കേണ്ടി വരുന്ന നിയമവും ഈ പരിഷ്കാരങ്ങളുടെ ഭാഗമായി ഉണ്ടാകും.
ലൈംഗിക കുറ്റകൃത്യങ്ങൾ ചെയ്തവർക്ക് കൺഡിഷണൽ സെൻ്റൻസുകൾ ലഭിക്കുന്നതിൽ നിയന്ത്രണങ്ങൾ കൊണ്ടുവരും. കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നിലപാടെടുക്കുകയും പൊതു സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നതിൻ്റെ ഭാഗമായാണ് ഈ നടപടിയെന്ന് കാർണി പറഞ്ഞു. ഈ നിയമനിർമ്മാണം നിലവിലെ നിയമങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനാണോ അതോ രാഷ്ട്രീയ നേട്ടത്തിനായി നിലവിലുള്ളവയെ മാറ്റിയെഴുതുന്നതാണോ എന്ന ചോദ്യങ്ങളും വിവിധ കോണുകളിൽ നിന്ന് ഉയരുന്നുണ്ട്.