കാൽഗറി നഗരപരിധിയിൽ സ്വകാര്യ ആവശ്യങ്ങൾക്കായി പടക്കങ്ങൾ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന ഓർമ്മപ്പെടുത്തലുമായി വീണ്ടും നഗരസഭ

By: 600110 On: Oct 17, 2025, 7:50 AM

 

കാൽഗറി നഗരപരിധിയിൽ സ്വകാര്യ ആവശ്യങ്ങൾക്കായി പടക്കങ്ങൾ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന ഓർമ്മപ്പെടുത്തലുമായി വീണ്ടും നഗരസഭ. ദീപാവലി, ബന്ദി ഛോർ ദിവസ് ആഘോഷങ്ങൾ മുന്നിൽ കണ്ടാണ് ഈ മുന്നറിയിപ്പ്. 

കഴിഞ്ഞ വർഷം അനധികൃത പടക്ക ഉപയോഗവുമായി ബന്ധപ്പെട്ട് ആറ് ദിവസത്തിനിടെ കൽഗറി പോലീസ് സർവീസിന് 200-ൽ അധികം കോളുകളാണ് ലഭിച്ചത്. പരാതികളുടെ എണ്ണവും അപകട സാധ്യതകളും വലിയ സുരക്ഷാ ആശങ്കകളാണ് ഉയർത്തിയതെന്ന് നഗരം പറയുന്നു. പടക്കങ്ങളുടെ അപകടങ്ങളെക്കുറിച്ച് ആളുകളെ ബോധവത്കരിക്കുന്നതിനും സുരക്ഷിതമായ ആഘോഷങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി പോലീസ് ഉദ്യോഗസ്ഥർ വിവിധ കമ്മ്യൂണിറ്റികളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. ഓരോ വർഷവും വടക്കേ അമേരിക്കയിൽ ആയിരക്കണക്കിന് തീപിടുത്തങ്ങൾക്കും പരിക്കുകൾക്കും പടക്കങ്ങൾ കാരണമാകുന്നുണ്ടെന്ന് കൽഗറി ഫയർ ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു. ഈ വർഷം ശരത്കാലം അസാധാരണമാംവിധം വരണ്ടതായതിനാൽ പടക്കങ്ങൾ എളുപ്പത്തിൽ തീ പടർത്താനും വീടുകൾക്ക് നാശനഷ്ടമുണ്ടാക്കാനും സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു. പെർമിറ്റുള്ളവർക്ക് മാത്രമേ പടക്കങ്ങൾ ഉപയോഗിക്കാൻ അനുവാദമുള്ളൂ. അല്ലാത്തവർക്ക് പിഴ ചുമത്തും.പടക്കം കൈവശം വെച്ചാൽ 500 ഡോളറാണ് പിഴ. പടക്കം ഉപയോഗിച്ചാൽ 250 ഡോളറും പെർമിറ്റില്ലാതെ വിറ്റാൽ 250 ഡോളറും പിഴ ചുമത്തും. പടക്കങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ 311 എന്ന നമ്പറിൽ വിളിച്ച് റിപ്പോർട്ട് ചെയ്യാനാണ് നിർദ്ദേശം.