ഉയർന്ന വിദ്യാഭ്യാസം നേടിയ കുടിയേറ്റക്കാർക്ക് യു.എസിലുള്ളവരെക്കാൾ കുറഞ്ഞ വരുമാനമാണ് കാനഡയിൽ ലഭിക്കുന്നതെന്ന് കണ്ടെത്തൽ. ഫ്രേസർ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പുതിയൊരു പഠനത്തിലാണ് ഈ കണ്ടെത്തലുള്ളത്. കാനഡയിൽ, യൂണിവേഴ്സിറ്റി ബിരുദമുള്ള കുടിയേറ്റക്കാർക്ക്, രാജ്യത്ത് ജനിച്ച കനേഡിയൻസിനെക്കാൾ 16 ശതമാനം കുറഞ്ഞ വരുമാനമാണ് ലഭിക്കുന്നത്. എന്നാൽ, യു.എസിൽ സമാന യോഗ്യതയുള്ള കുടിയേറ്റക്കാർ തദ്ദേശീയരായ അമേരിക്കക്കാരെക്കാൾ എട്ട് ശതമാനം കൂടുതൽ സമ്പാദിക്കുന്നുണ്ട്.
കൂടാതെ, യു.എസിലെ കുടിയേറ്റക്കാർക്ക് കാനഡയിലേതിനേക്കാൾ കൂടുതൽ തൊഴിലവസരങ്ങളുമുണ്ടെന്ന് പഠനം എടുത്തു കാണിക്കുന്നു. 2020-ൽ, ബാച്ചിലേഴ്സ് ബിരുദമുള്ള കനേഡിയൻ കുടിയേറ്റക്കാർക്ക് ശരാശരി $57,200 ലഭിച്ചപ്പോൾ, കാനഡയിൽ ജനിച്ചവർക്ക് $68,300 ആയിരുന്നു വരുമാനം. ഉയർന്ന ബിരുദങ്ങളുള്ള കുടിയേറ്റക്കാർക്ക് പോലും അതേ വിദ്യാഭ്യാസ യോഗ്യതയുള്ള തദ്ദേശീയ കനേഡിയൻസിനെക്കാൾ കുറവാണ് വരുമാനം.
വിദേശ യോഗ്യതകളും തൊഴിൽ പരിചയവും കാനഡയിൽ എളുപ്പത്തിൽ അംഗീകരിക്കാത്തതിനാലാണെന്ന് വരുമാനത്തിലെ ഈ അന്തരമെന്ന് ഗവേഷകർ പറയുന്നു. എന്നാൽ ഉയർന്ന വിദ്യാഭ്യാസം നേടിയ യു.എസ്. കുടിയേറ്റക്കാർ 2022-ൽ 122,000 യുഎസ് ഡോളറാണ് സമ്പാദിച്ചത്. ഇത് അമേരിക്കയിൽ ജനിച്ച തൊഴിലാളികളെക്കാൾ കൂടുതലാണ്. വിദഗ്ദ്ധരായ കുടിയേറ്റക്കാർക്ക് യു.എസ്. ഇപ്പോഴും മികച്ച സാമ്പത്തിക അവസരങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. അതിനാൽ കഴിവുള്ളവരെ തിരഞ്ഞെടുക്കുന്ന രീതി മെച്ചപ്പെടുത്താനും സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ചലനാത്മകമാക്കാനും നടപടിയെടുക്കാൻ പഠനം കാനഡയോട് ശുപാർശ ചെയ്യുന്നു.