എഡ്മൻ്റൺ നഗരത്തിൽ പടക്കം ഉപയോഗിക്കുന്നതിൽ കർശന മുന്നറിയിപ്പുമായി അധികൃതർ

By: 600110 On: Oct 16, 2025, 1:36 PM

എഡ്മൻ്റൺ നഗരത്തിൽ പടക്കം ഉപയോഗിക്കുന്നതിൽ കർശന മുന്നറിയിപ്പുമായി അധികൃതർ.  ​എഡ്മൻ്റൺ നഗര പരിധിക്കുള്ളിൽ പടക്കം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് കർശനമായ നിയന്ത്രണങ്ങൾ പാലിക്കണമെന്ന് എഡ്മൻ്റൺ ഫയർ റെസ്ക്യൂ സർവീസസ്  താമസക്കാർക്ക് മുന്നറിയിപ്പ് നൽകി. എഡ്മൻ്റൺ സിറ്റി കൗൺസിൽ നിയമങ്ങൾ അനുസരിച്ച്, സർക്കാർ അംഗീകൃത പെർമിറ്റുള്ള സർട്ടിഫൈഡ് പ്രൊഫഷണലുകൾക്ക് മാത്രമേ നഗര പരിധിക്കുള്ളിൽ എവിടെയും പടക്കം ഉപയോഗിക്കാൻ അനുമതിയുള്ളൂ.

സ്വന്തം സ്ഥലത്ത് പോലും ലൈസൻസില്ലാതെ പടക്കം പൊട്ടിക്കുന്നത് നിയമവിരുദ്ധമാണ്.  സുരക്ഷിതമായ ആഘോഷങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും തീപിടുത്തം പോലുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിനും വേണ്ടിയാണ് ഇത്തരം നിയന്ത്രണങ്ങൾ. ​നിയമം ലംഘിക്കുന്നവർക്ക് $10,000 കനേഡിയൻ ഡോളർ വരെ പിഴ ചുമത്താൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷം ഒക്ടോബറിനും ഡിസംബറിനും ഇടയിൽ അനധികൃതമായി പടക്കം ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് 127 കേസുകളാണ് രജിസ്റ്റർ ചെയ്തത്.  ഏകദേശം $6,000 ഡോളറിലധികം പിഴയും ഈടാക്കിയിരുന്നു.  പടക്കം ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന പ്രൊഫഷണലുകൾ കുറഞ്ഞത് 10 പ്രവർത്തി ദിവസങ്ങൾ മുൻപ് അപേക്ഷ സമർപ്പിച്ച് പെർമിറ്റ് നേടണമെന്നും നിയമ ലംഘനങ്ങൾ 311-ൽ റിപ്പോർട്ട് ചെയ്യണമെന്നും സിറ്റി അധികൃതർ അഭ്യർത്ഥിച്ചു.