ആൽബർട്ടയിലെ അധ്യാപകർ ലോകത്തെ മറ്റ് അധ്യാപകരെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ തൊഴിൽപരമായ മാനസിക സമ്മർദ്ദം അനുഭവിക്കുന്നവരാണെന്ന് പുതിയ അന്താരാഷ്ട്ര സർവേ ഫലം. ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡെവലപ്‌മെൻ്റ് (OECD) നടത്തിയ ടീച്ചിങ് ആൻഡ് ലേണിംഗ് ഇൻ്റർനാഷണൽ സർവേ (TALIS) 2024 റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തൽ. സർവേയിൽ പങ്കെടുത്ത ആൽബർട്ടയിലെ അധ്യാപകരിൽ 42 ശതമാനം പേരും തങ്ങളുടെ ജോലിയിൽ വളരെ അധികം സമ്മർദ്ദം അനുഭവിക്കുന്നതായി റിപ്പോർട്ട് ചെയ്തു. ഇത് ആഗോള ശരാശരിയായ 19 ശതമാനത്തിൻ്റെ ഇരട്ടിയിലധികം വരും.
കാനഡയിൽ അധ്യാപകർക്കിടയിൽ നിലനിൽക്കുന്ന കടുത്ത സമ്മർദ്ദത്തെ ഈ റിപ്പോർട്ട് അടിവരയിടുന്നു. ആഴ്ചയിൽ 47 മണിക്കൂർ വരെ ജോലി ചെയ്യുന്ന ആൽബർട്ടയിലെ അധ്യാപകർ, ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ജോലിഭാരമുള്ളവരിൽ മുൻനിരയിലാണ്. കൂടാതെ, ക്ലാസ് മുറികളിലെ വിദ്യാർത്ഥികളുടെ പലവിധ ആവശ്യങ്ങളും , പ്രത്യേക വിദ്യാഭ്യാസ പിന്തുണ ആവശ്യമുള്ള വിദ്യാർത്ഥികളുടെ വർദ്ധനവും അധ്യാപകർക്ക് അധിക ഭാരം നൽകുന്നതായും സർവേ എടുത്തു കാണിക്കുന്നു