കാനഡയിൽ ഹോണ്ട നടത്താനിരുന്ന ഇലക്ട്രിക് വാഹന പദ്ധതികൾ രണ്ട് വർഷത്തേക്ക് കൂടി നീട്ടി വെച്ചു. 15 ബില്യൺ ഡോളർ മുടക്കി ഇലക്ട്രിക് വാഹന (EV) നിർമ്മാണ ശൃംഖല ഒരുക്കാനുറ്റ പദ്ധതിയാണ് തൽക്കാലത്തേക്ക് നിർത്തിയത്. ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യകതയിൽ സമീപകാലത്തുണ്ടായ കുറവും യു.എസ്. പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ പുതിയ താരിഫ് ഭീഷണികളെക്കുറിച്ചുള്ള ആശങ്കകളുമാണ് ഈ തീരുമാനത്തിന് കാരണമെന്ന് സി.ബി.സി. ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
2024 ഏപ്രിലിൽ, ഒൻ്റാരിയോയിലെ ആലിസ്റ്റണിൽ നാല് പുതിയ EV നിർമ്മാണ പ്ലാൻ്റുകൾ സ്ഥാപിക്കാനുള്ള വൻകിട നിക്ഷേപ പദ്ധതിയായിരുന്നു ഹോണ്ട പ്രഖ്യാപിച്ചത്. കാനഡയുടെ ഇലക്ട്രിക് വാഹന നിർമ്മാണ മേഖലയിൽ ഒരു നാഴികക്കല്ലായി കണ്ടിരുന്ന ഈ സംരംഭം, ഒരു EV അസംബ്ലി പ്ലാൻ്റും ഒരു പ്രത്യേക ബാറ്ററി നിർമ്മാണ പ്ലാൻ്റും ഉൾപ്പെടുന്നതായിരുന്നു. പദ്ധതി പ്രകാരം 2028-ൽ പ്രവർത്തനം ആരംഭിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ഇതാണ് ഇപ്പോൾ നീട്ടി വച്ചിരിക്കുന്നത്.
കാനഡയിലെ ഇലക്ട്രിക് വാഹന നിർമ്മാണത്തിൻ്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിക്കുന്നതാണ് ഹോണ്ടയുടെ ഈ നീക്കം. യു.എസ്. താരിഫുകൾ തങ്ങളുടെ പ്രവർത്തന ലാഭത്തെ ഗണ്യമായി ബാധിക്കുമെന്ന ഭയം ഹോണ്ടയ്ക്കുണ്ട്. മാർക്കറ്റ് സാഹചര്യങ്ങൾ മാറുന്നതിനനുസരിച്ച് പദ്ധതിയുടെ സമയക്രമം വിലയിരുത്തുന്നത് തുടരുമെന്ന് ഹോണ്ട അറിയിച്ചു. അതേസമയം, ഒൻ്റാരിയോയിൽ നിലവിലുള്ള ഹോണ്ടയുടെ നിർമ്മാണശാല പൂർണ്ണ ശേഷിയിൽ പ്രവർത്തിക്കുന്നത് തുടരുമെന്നും നിലവിലെ തൊഴിലാളികളുടെ കാര്യത്തിൽ മാറ്റങ്ങളൊന്നും പരിഗണിക്കുന്നില്ലെന്നും കമ്പനി വ്യക്തമാക്കി.