അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അടുത്ത സുഹൃത്തും വലതുപക്ഷ പ്രവര്‍ത്തകനുമായ ചാര്‍ളി കിര്‍ക്കിന്റെ വധം ആഘോഷമാക്കിക്കൊണ്ടുള്ള പോസ്റ്റുകള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത ആറ് പേരുടെ വിസ ട്രംപ് ഭരണകൂടം റദ്ദാക്കി. അമേരിക്കക്കാരുടെ മരണം ആഗ്രഹിക്കുന്ന വിദേശികളെ ഇവിടെ താമസിപ്പിക്കാന്‍ അമേരിക്കയ്ക്ക് ബാധ്യതയില്ലെന്ന് അമേരിക്കന്‍ ആഭ്യന്തര വകുപ്പ് എക്‌സ് പോസ്റ്റില്‍ പറഞ്ഞു.
ഇവരുടെ പേരുകള്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും തന്റെ വിസ റദ്ദാക്കിയതായി ദക്ഷിണാഫ്രിക്കന്‍ പൗരനായ ഹ്ലാമുലോ ബലോയി മാധ്യമങ്ങളോട് പറഞ്ഞു. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പങ്കുവെച്ച പോസ്റ്റുകളിലൊന്ന് താനാണ് എഴുതിയതെന്ന് ബലോയി പറഞ്ഞു. ആ പോസ്റ്റില്‍ കിര്‍ക്ക് ഒരു നായകനായി ഓര്‍മ്മിക്കപ്പെടില്ലെന്നും അദ്ദേഹത്തിന്റെ അനുയായികളെ ട്രെയിലര്‍ ട്രാഷ് എന്നും വിശേഷിപ്പിച്ചിരുന്നു.