പുതിയ കുടിയേറ്റക്കാർക്കിടയിൽ കാനഡയുടെ പൊതുജനാരോഗ്യ സംരക്ഷണ സംവിധാനം പ്രോത്സാഹിപ്പിച്ചു കൊണ്ട് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) പുറത്തിറക്കിയ പുതിയ സർക്കാർ പോസ്റ്റ് വിമർശനങ്ങൾക്ക് കാരണമാകുന്നു. കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർക്ക്, കാനഡയുടെ ആരോഗ്യ സംരക്ഷണം എങ്ങനെ പ്രവർത്തിക്കുന്നുവെന്നും ആർക്കൊക്കെ അത് ലഭിക്കുമെന്നും വ്യക്തമാക്കുന്നതാണ് IRCC പങ്കു വച്ച സന്ദേശം.
എന്നാൽ, ഈ പരസ്യം നികുതിദായകരുടെ പണം ഉപയോഗിച്ച് സൗജന്യ ആരോഗ്യ സംരക്ഷണം ലഭ്യമാക്കുന്ന പ്രതീതി നൽകുന്നുവെന്നാണ് വിമർശകർ പറയുന്നത്. നിലവിൽ സമ്മർദ്ദത്തിലായ ആരോഗ്യ സംവിധാനത്തിന് കൂടുതൽ ഭാരം അടിച്ചേല്പിച്ചേക്കുമെന്നും വിമർശനമുണ്ട്. 2017-ൽ അഭയാർഥികളെ സ്വാഗതം ചെയ്തു കൊണ്ട് മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പങ്കുവച്ച ട്വീറ്റുമായി ഇപ്പോഴത്തെ ട്വീറ്റിനെ താരതമ്യം ചെയ്യുന്നവരുമുണ്ട്. ട്രൂഡോയുടെ ട്വീറ്റ് അതിർത്തി കടന്നുള്ള അനധികൃത കുടിയേറ്റത്തിൽ വലിയ വർദ്ധനവിന് ഇടയാക്കിയിരുന്നു. ആ സന്ദേശത്തിന് ശേഷം അഭയാർഥി അപേക്ഷകളിൽ കുത്തനെയുള്ള വർദ്ധനവുണ്ടായി. അത് സർക്കാരിന് മേൽ അമിത ഭാരമേൽപ്പിച്ചുവെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. രാജ്യം കൂടുതൽ കടവും, തൊഴിലില്ലായ്മയും, ആരോഗ്യ സംരക്ഷണ രംഗത്തെ പ്രശ്നങ്ങളും നേരിടുന്ന സമയത്ത്, പുതിയ പോസ്റ്റ് കൂടുതൽ ആളുകളെ ആകർഷിക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകുന്നു.
ആരോഗ്യരംഗത്തെ പ്രതിസന്ധി
നിലവിൽ 65 ലക്ഷത്തിലധികം കനേഡിയൻ പൗരന്മാർക്ക് ഒരു കുടുംബ ഡോക്ടർ (family doctor) ഇല്ലെന്ന് കനേഡിയൻ മെഡിക്കൽ അസോസിയേഷന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. കൺസർവേറ്റീവ് ഡെപ്യൂട്ടി ലീഡർ മെലിസ ലാൻറ്സ്മാൻ ഈ നീക്കത്തെ വിമർശിച്ചു, ആശുപത്രികൾ രോഗികളെക്കൊണ്ട് നിറഞ്ഞുകവിയുമ്പോൾ "സൗജന്യ ആരോഗ്യ സംരക്ഷണം" ഓട്ടാവ ലോകമെമ്പാടും പ്രോത്സാഹിപ്പിക്കുകയാണെന്ന് അവർ പറഞ്ഞു.
സ്ഥിതിവിവരക്കണക്ക് പ്രകാരം, 2025-ൽ സ്ഥിര താമസക്കാർ, വിദേശ തൊഴിലാളികൾ, വിദ്യാർഥികൾ എന്നിവരുൾപ്പെടെ ഏകദേശം ഒരു ദശലക്ഷം പുതിയ കുടിയേറ്റക്കാർ കാനഡയിൽ എത്തുമെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ പ്രതീക്ഷിക്കുന്നു. തകരാറിലായ ഒരു സംവിധാനത്തിലേക്ക് കൂടുതൽ ആളുകളെ ചേർക്കുന്നത് ചെലവുകളും കാത്തിരിപ്പ് സമയവും വർദ്ധിപ്പിക്കുമെന്ന് വാർമിംഗ്ടൺ മുന്നറിയിപ്പ് നൽകുന്നു. ആഗോള തലത്തിൽ സൗജന്യ ആരോഗ്യ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നത് യുക്തിസഹമായ കാര്യമല്ല, മറിച്ച് മോശം സാമ്പത്തിക ആസൂത്രണമാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.