ഒൻ്റാരിയോയിൽ 'സാത്താൻസ് ചോയ്സ്' മോട്ടോർസൈക്കിൾ ഗ്യാങ് തിരിച്ചെത്തുന്നു. ഇതേ തുടർന്ന് പോലീസ് ജാഗ്രത ശക്തമാക്കി. കാനഡയിലെ ഒൻ്റാരിയോ പ്രവിശ്യയിൽ, പ്രത്യേകിച്ച് വടക്കൻ മേഖലയിലെ തെരുവുകളിൽ ഒരു കാലത്ത് ആധിപത്യം സ്ഥാപിച്ചിരുന്ന കുപ്രസിദ്ധ മോട്ടോർസൈക്കിൾ ഗ്യാങ്ങാണ് 'സാത്താൻസ് ചോയ്സ്'. ഇവർ വീണ്ടും സജീവമാകുന്നതായാണ് സൂചന. മറ്റ് നിരവധി ബൈക്കർ ഗ്യാങ്ങുകൾ ഇപ്പോഴും ഈ മേഖലയിൽ പ്രവർത്തിക്കുന്നതിനിടെയാണ് 'സാത്താൻസ് ചോയ്സി'ൻ്റെ പുനരുജ്ജീവനം. ഇത് കണക്കിലെടുത്ത് ഒൻ്റാരിയോ പ്രൊവിൻഷ്യൽ പോലീസ് (OPP) നിരീക്ഷണം ശക്തമാക്കി.
2000-ൻ്റെ തുടക്കത്തിൽ, ലോകത്തിലെ ഏറ്റവും വലിയ ബൈക്കർ ഗ്യാങ്ങുകളിലൊന്നായ 'ഹെൽസ് ഏഞ്ചൽസ്' ഈ സംഘത്തെ തങ്ങളിലേക്ക് ലയിപ്പിച്ചതിനെ തുടർന്ന് 'സാത്താൻസ് ചോയ്സ്' പ്രവർത്തനം നിർത്തിയിരുന്നു. എന്നാൽ കഴിഞ്ഞ വേനൽക്കാലത്തോടെ ഈ സംഘം വീണ്ടും ഉയർന്നുവരികയാണെന്നാണ് പോലീസ് നിഗമനം.
ഒൻ്റാരിയോയിലെ ഏറ്റവും ശക്തരായ മോട്ടോർസൈക്കിൾ ഗ്യാങ്ങുകളിലൊന്നായാണ് 'സാത്താൻസ് ചോയ്സ്' അറിയപ്പെടുന്നത്. കനേഡിയൻ ക്രിമിനൽ ഗ്രൂപ്പായ ഇത് എക്കാലവും കനേഡിയൻ ക്ലബ്ബായി നിലനിന്നിരുന്നു. ഇപ്പോൾ വടക്കൻ ഒൻ്റാരിയോയിലെ വിവിധ ഭാഗങ്ങളിൽ മറ്റ് ബൈക്കർ ഗ്യാങ്ങുകളുടെ 'ചാപ്റ്ററുകൾ' പ്രവർത്തിക്കുന്നുണ്ട്. ഈ ഗ്യാങ്ങുകൾ നിയമപരമായ രീതിയിലുള്ള മോട്ടോർ സൈക്കിൾ ക്ലബ്ബുകളായി പൊതുവായി അറിയപ്പെടുന്നുണ്ടെങ്കിലും, മയക്കുമരുന്ന് കടത്ത് ഉൾപ്പെടെയുള്ള നിരവധി ക്രിമിനൽ പ്രവർത്തനങ്ങളിൽ ഇവർക്ക് പങ്കുള്ളതായി പോലീസ് ആരോപിക്കുന്നു. പുതിയ സാഹചര്യത്തിൽ, വടക്കൻ ഒൻ്റാരിയോയിലെ തെരുവുകളിലെ ഇവരുടെ സാന്നിധ്യം OPP സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.