കനേഡിയൻ റീട്ടെയിൽ ഭീമനായ കനേഡിയൻ ടയർ കോർപ്പറേഷൻ ലിമിറ്റഡിൻ്റെ ഇ-കൊമേഴ്‌സ് ഡാറ്റാബേസിൽ നിന്ന് ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നതായി സ്ഥിരീകരിച്ചു. കനേഡിയൻ ടയർ, സ്പോർട്‌ചെക്ക്, മാർക്ക്‌സ്/എൽ'എക്വിപ്പർ, പാർട്ടി സിറ്റി തുടങ്ങിയ അനുബന്ധ സ്ഥാപനങ്ങളുടെ ഓൺലൈൻ അക്കൗണ്ടുകളുള്ള ഉപഭോക്താക്കളുടെ വിവരങ്ങളാണ് ചോർന്നത്. ഒക്ടോബർ രണ്ടിനാണ് ഡാറ്റ ചോർച്ച കമ്പനിയുടെ ശ്രദ്ധയിൽപ്പെട്ടത്.
ഉപഭോക്താക്കളുടെ പേര്, വിലാസം, ഇമെയിൽ വിലാസം, ജനന വർഷം തുടങ്ങിയ അടിസ്ഥാന വിവരങ്ങളാണ് ചോർന്നത് . കൂടാതെ എൻക്രിപ്റ്റ് ചെയ്ത പാസ്‌വേർഡുകളും ചില സാഹചര്യങ്ങളിൽ അപൂർണ്ണമായ ക്രെഡിറ്റ് കാർഡ് നമ്പറുകളും ചോർന്ന ഡാറ്റയിൽ ഉൾപ്പെടുന്നുണ്ട്. ചോർന്ന വിവരങ്ങൾ ഉപയോഗിച്ച് അക്കൗണ്ടിൽ പ്രവേശിക്കാനോ പണമിടപാടുകൾ നടത്താനോ സാധിക്കില്ലെന്ന് കമ്പനി ഉറപ്പുനൽകുന്നു. കനേഡിയൻ ടയർ ബാങ്കിൻ്റെ വിവരങ്ങളോ ട്രയാംഗിൾ റിവാർഡ്സ് ലോയൽറ്റി ഡാറ്റയോ ചോർച്ചയെ ബാധിച്ചിട്ടില്ല. 1,50,000-ൽ താഴെ അക്കൗണ്ടുകളുടെ പൂർണ്ണമായ ജനനത്തീയതിയും ചോർന്നിട്ടുണ്ട്. ഈ ഉപഭോക്താക്കളെ കമ്പനി നേരിട്ട് ബന്ധപ്പെടുകയും ക്രെഡിറ്റ് മോണിറ്ററിംഗ് സൗകര്യം വാഗ്ദാനം ചെയ്യുകയും ചെയ്തു. പ്രശ്നം പരിഹരിച്ചതായും സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി വിദഗ്ദ്ധരുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും കനേഡിയൻ ടയർ അറിയിച്ചു.