കുറഞ്ഞ വേതനക്കാരായ കുടിയേറ്റ തൊഴിലാളികളെ ഉപയോഗപ്പെടുത്തിയാണ് കാനഡയിൽ ഫുഡ് ഡെലിവറി ആപ്പുകളുടെ വളർച്ചയെന്ന് പുതിയ പഠനം. ഭക്ഷണം എത്തിച്ചുനൽകുന്ന ആപ്പുകൾ കൂടുതലും ആശ്രയിക്കുന്നത് യുവജനങ്ങളുടെയും കുടിയേറ്റ തൊഴിലാളികളുടെയും കുറഞ്ഞ വേതനത്തിലുള്ള അധ്വാനത്തെയാണ് എന്ന് ഒരു പുതിയ കനേഡിയൻ പഠനം പറയുന്നു.
Uber Eats, DoorDash പോലുള്ള ആപ്പുകളിലെ ഡെലിവറി തൊഴിലാളികൾ ഓർഡറുകൾക്കായി ദീർഘനേരം കാത്തിരിക്കേണ്ടി വരുന്നുണ്ടെന്ന് ഗവേഷകർ കണ്ടെത്തി. ഈ കാത്തിരിപ്പ് സമയത്ത്, അവർ ആപ്പിൽ ലോഗിൻ ചെയ്‌തിരിക്കുമെങ്കിലും ജോലി ചെയ്യുന്നതായി കണക്കാക്കില്ല. അതിനാൽ അവർക്ക് ഈ സമയത്തിന് വരുമാനമായി ഒന്നും ലഭിക്കുന്നില്ല. കാനഡയിൽ താമസിക്കുന്ന നാലിലൊരാൾ ഇപ്പോൾ ഫുഡ് ഡെലിവറി ആപ്പുകൾ ഉപയോഗിക്കുന്നുണ്ടെന്നും, ഇത് കൊവിഡിന് ശേഷം കുത്തനെ ഉയർന്നെന്നും റിപ്പോർട്ട് പറയുന്നു. ഈ വളർച്ച കൂടുതൽ തൊഴിലാളികളെ നിയമിക്കുന്നതിന് വഴിയൊരുക്കി. എന്നാൽ ശമ്പളവും തൊഴിൽ സാഹചര്യങ്ങളും മോശമായി വരികയാണ്.
ഈ മേഖലയിൽ ജോലി ചെയ്യുന്നവരിൽ നിരവധി പേർ യുവാക്കളായ അന്താരാഷ്ട്ര വിദ്യാർത്ഥികളാണ്. ട്യൂഷൻ ഫീസും ജീവിതച്ചെലവുകളും താങ്ങാൻ വേണ്ടിയാണ് ഇവർ ദീർഘനേരം ജോലി ചെയ്യുന്നത്. ഇവരുടെ വരുമാനത്തിന്റെ 30 മുതൽ 50 ശതമാനം വരെ ഇപ്പോൾ ടിപ്പുകളാണ്. ഇത് വരുമാനത്തിൻ്റെ ഒരു പ്രധാന ഭാഗമായി മാറിയിരിക്കുന്നു. ടിപ്പുകൾ ഇല്ലെങ്കിൽ, മിക്ക തൊഴിലാളികളുടെയും വരുമാനം മിനിമം വേതനത്തേക്കാൾ വളരെ താഴെയായിരിക്കും. ചിലർക്ക് മണിക്കൂറിന് രണ്ടോ മൂന്നോ ഡോളർ മാത്രമാണ് ലഭിക്കുന്നത്. ആപ്പുകളിൽ ചേരുന്ന തൊഴിലാളികളുടെ എണ്ണത്തിന് പരിധികളില്ല. അതിനാൽ ഡെലിവറി തൊഴിലാളികൾക്ക് കടുത്ത മത്സരവും നേരിടേണ്ടിവരുന്നുണ്ട്.