മഡഗാസ്‌കറില്‍ യുവജന പ്രക്ഷോഭം ആളിക്കത്തുന്നു. സൈനിക അട്ടിമറി നടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രസിഡന്റ് ആന്‍ഡ്രി രാജോലീന രാജ്യം വിട്ടതായാണ് വാര്‍ത്തകള്‍. അന്റനാനരിവോയില്‍ യുവാക്കളുടെ നേതൃത്വത്തില്‍ മൂന്നാഴ്ചയായി നടന്നുവരുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നാലെയാണ് സൈനിക അട്ടിമറിയും പ്രസിഡന്റിന്റെ പലായനവും ഉണ്ടായത്.
രാജ്യത്ത് തുടരുന്നത് അപകടമാണെന്ന് തിരിച്ചറിഞ്ഞ് അദ്ദേഹം രാജ്യം വിട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രജോലിന എവിടെയാണെന്ന് അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കിയിട്ടില്ല. നിയമവിരുദ്ധമായും ബലപ്രയോഗത്തിലൂടെയും അധികാരം പിടിച്ചെടുക്കാന്‍ ശ്രമം നടന്നുവെന്ന് അദ്ദേഹത്തിന്റെ ഓഫീസ് നേരത്തെ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.