ട്രാഫിക് സിഗ്നലുകളിൽ ഇനി ഒരു നിറം കൂടി, പുതിയൊരു നിർദ്ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് നോർത്ത് കരോലിന സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ. പരമ്പരാഗതമായ ചുവപ്പ്, മഞ്ഞ, പച്ച ലൈറ്റുകൾക്ക് ഒപ്പമായിരിക്കും വെള്ള നിറവും ഇനി മുതൽ പ്രകാശിക്കുക. സാധാരണ വാഹനങ്ങൾക്കും സ്വയം ഓടുന്ന വാഹനങ്ങൾക്കും സുരക്ഷിതമായും കാര്യക്ഷമമായും സഞ്ചരിക്കാൻ സഹായിക്കുന്ന രീതിയിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഒരു കവലയിലെ ട്രാഫിക് നിയന്ത്രണം ഇപ്പോൾ സ്വയം ഓടുന്ന കാറുകൾ ഏറ്റെടുത്തിരിക്കുന്നു എന്നതിൻ്റെ സൂചനയായിട്ടായിരിക്കും വെള്ള ലൈറ്റ് തെളിയുന്നത്. കൂടുതൽ സ്വയം ഓടുന്ന വാഹനങ്ങൾ കവലയിലേക്ക് അടുക്കുമ്പോൾ, അവ ട്രാഫിക് ലൈറ്റുകളുമായും പരസ്പരവും ആശയവിനിമയം നടത്തും. ഈ സിസ്റ്റം ഇത് തിരിച്ചറിഞ്ഞാൽ, വെള്ള ലൈറ്റ് തെളിയും, അതോടെ ഡ്രൈവർമാർ തങ്ങളുടെ മുന്നിലുള്ള വാഹനത്തെ അനുഗമിക്കുക മാത്രം ചെയ്താൽ മതിയാകും. സ്വയം ഓടുന്ന കാറുകളുടെ എണ്ണം കുറയുമ്പോൾ, ലൈറ്റ് സാധാരണ നിറങ്ങളിലേക്ക് തിരികെ മാറും.
ഈ സാങ്കേതികവിദ്യ distributed computing എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ്, ഇത് കാറുകൾക്കും ലൈറ്റുകൾക്കും വിവരങ്ങൾ തൽക്ഷണം പങ്കുവെക്കാൻ അവസരം നൽകുന്നു. ഈ പുതിയ സിസ്റ്റം ട്രാഫിക് കുരുക്ക് ഗണ്യമായി കുറയ്ക്കുന്നതിനും ഇന്ധന ഉപയോഗം കുറയ്ക്കുന്നതിനും സഹായിക്കുമെന്നാണ് ഗവേഷകർ പറയുന്നത്. വെറും പത്ത് ശതമാനം കാറുകൾ മാത്രമാണ് സ്വയം ഓടുന്നതെങ്കിൽ പോലും, ട്രാഫിക്കിലെ കാലതാമസം മൂന്ന് ശതമാനത്തോളം കുറഞ്ഞേക്കാം; മിക്ക കാറുകളും സ്വയം ഓടുകയാണെങ്കിൽ ഇത് 94 ശതമാനം വരെ കുറയാൻ സാധ്യതയുണ്ട്. പോർട്ടുകൾ പോലുള്ള നിയന്ത്രിത പരിതസ്ഥിതികളിൽ ഈ സിസ്റ്റം പരീക്ഷിക്കാൻ നോർത്ത് കരോലിന അധികൃതർ പദ്ധതിയിടുന്നുണ്ട്.