തലച്ചോറിലെ ട്യൂമറും ഹൃദയസംബന്ധമായ അസുഖങ്ങളുമുള്ള സിഖ് വംശജൻ ചികിത്സ കിട്ടാതെ യു.എസിലെ ഒരു ഇമിഗ്രേഷൻ തടങ്കൽ കേന്ദ്രത്തിൽ കഴിയുകയാണെന്ന് റിപ്പോർട്ട്. 48 വയസ്സുള്ള സിഖ് വംശജനായ പരംജിത്ത് സിംഗാണ് രണ്ട് മാസത്തിലേറെയായി യു.എസിലെ ഒരു ഇമിഗ്രേഷൻ തടങ്കൽ കേന്ദ്രത്തിൽ കഴിയുന്നത്. 1994 മുതൽ യു.എസ് ഗ്രീൻ കാർഡ് ഉടമയായ സിംഗിനെ, ജൂലൈ 30-ന് ഇന്ത്യയിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ ചിക്കാഗോ ഓ'ഹെയർ എയർപോർട്ടിൽ വെച്ച് തടഞ്ഞുവെക്കുകയായിരുന്നു.
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടായിട്ടും അദ്ദേഹത്തിന് കൃത്യമായ ചികിത്സ ലഭിക്കുന്നില്ല എന്ന് കുടുംബം പറയുന്നു. രണ്ട് പതിറ്റാണ്ട് പഴക്കമുള്ള കേസുകളാണ് ഇമിഗ്രേഷൻ അധികൃതർ ഇദ്ദേഹത്തെ തടങ്കലിൽ വെക്കാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇതിൽ ഒരു കേസ് 1999-ലേതാണ്, പണം നൽകാതെ ഒരു പൊതു ഫോൺ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട ഈ കേസിൽ സിംഗ് 10 ദിവസം ജയിലിൽ കഴിയുകയും പിഴയടക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ, 2008-ൽ അദ്ദേഹം വ്യാജരേഖ ചമച്ച കേസിൽ ശിക്ഷിക്കപ്പെട്ടു എന്നും അധികൃതർ അവകാശപ്പെടുന്നു. എന്നാൽ, ഇത് തെറ്റാണെന്ന് കുടുംബം പറയുന്നു. ഈ തടങ്കൽ ധാർമ്മികമല്ല എന്നും കോടതിയിൽ ചോദ്യം ചെയ്യുമെന്നും അദ്ദേഹത്തിൻ്റെ അഭിഭാഷകൻ അറിയിച്ചു. തടങ്കലിലായതിനാൽ സിംഗിൻ്റെ തലച്ചോർ ശസ്ത്രക്രിയയുടെ രണ്ടാം ഘട്ടം വൈകുകയാണ്. ഒക്ടോബർ 14-നാണ് കേസിൻ്റെ അടുത്ത ഹിയറിംഗ് നിശ്ചയിച്ചിരിക്കുന്നത്.