സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊമ്പേൽ പുരസ്കാരം നേടിയവരിൽ കനേഡിയൻ സാമ്പത്തിക വിദഗ്ദ്ധൻ പീറ്റർ ഹൗവിറ്റും. റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് തിങ്കളാഴ്ചയാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. നൂതന ആശയങ്ങളെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക വളർച്ച വിശദീകരിച്ചതിന് ആണ് ഡച്ച് വംശജനായ ജോയൽ മോക്കിർ, ഫ്രഞ്ചുകാരനായ ഫിലിപ്പ് അഗിയോൺ എന്നിവർക്കൊപ്പം ഹൗവിറ്റിന് സമ്മാനം ലഭിച്ചത്. സമ്മാനം ലഭിച്ചതിൽ താൻ അതീവ സന്തോഷവാനാണെന്നും ഹൗവിറ്റ് പറഞ്ഞു. ജീവിതത്തിലെ ഒരു സ്വപ്നം യാഥാർത്ഥ്യമായതിന് തുല്യമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സഹഗ്രന്ഥകർത്താവായ അഗിയോണിനൊപ്പം വിജയം ആഘോഷിക്കാൻ കാത്തിരിക്കുകയാണെന്നും ഹൗവിറ്റ് പറഞ്ഞു. ഏകദേശം 30 വർഷത്തോളം ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. നോബൽ സമ്മാനത്തിൻ്റെ പ്രധാന ആശയമായ 'ക്രിയേറ്റീവ് ഡിസ്ട്രക്ഷൻ' (അഥവാ നവീകരണത്തിലൂടെ പഴയ സാങ്കേതികവിദ്യകളെയും ബിസിനസുകളെയും ഇല്ലാതാക്കി പുതിയത് വരുന്ന പ്രക്രിയ) എങ്ങനെ പ്രവർത്തിക്കുന്നു എന്ന് വിശദീകരിക്കാൻ ഹൗവിറ്റും അഗിയോണും ഗണിതശാസ്ത്രത്തെയാണ് ആശ്രയിച്ചത്. സാമ്പത്തിക ശാസ്ത്രജ്ഞനായ ജോസഫ് ഷുംപീറ്റർ 1942-ൽ എഴുതിയ "കാപ്പിറ്റലിസം, സോഷ്യലിസം ആൻഡ് ഡെമോക്രസി" എന്ന പുസ്തകത്തിലൂടെയാണ് ഈ ആശയം കൂടുതൽ ശ്രദ്ധ നേടിയത്.