ഇസ്രായേൽ-ഹമാസ് യുദ്ധം അവസാനിപ്പിക്കാനുള്ള ചരിത്രപരമായ കരാർ ഒപ്പിടുന്ന ചടങ്ങിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി മാർക്ക് കാർണിക്ക് ഈജിപ്തിലേക്ക് പോയത് ചാർട്ടേഡ് വിമാനത്തിൽ. കനേഡിയൻ ആംഡ് ഫോഴ്‌സിൻ്റെ (സി.എ.എഫ്) ജെറ്റ് വിമാനം പറത്താൻ എയർ ക്രൂ ഇല്ലാത്തതാണ് കാരണം.
യു.എസിൻ്റെ നേതൃത്വത്തിൽ അടിയന്തര സമയക്രമത്തിലാണ് ഉച്ചകോടി ആസൂത്രണം ചെയ്തതെന്നും, പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് പ്രസിഡൻ്റിൻ്റെ ക്ഷണം ലഭിച്ചതെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. എയർബസ്, ചലഞ്ചർ ജെറ്റുകൾക്കായുള്ള സാധാരണ സിഎഎഫ് ഫ്ലൈറ്റ് ജീവനക്കാർ ഈ സമയത്ത് മറ്റ് ജോലികളിൽ തിരക്കിലായിരുന്നു. നിലവിലുള്ള മറ്റ് ഓപ്പറേഷനുകളുമായി തിരക്കിലായതിനാലാണ് കനേഡിയൻ ആംഡ് ഫോഴ്‌സിൻ്റെ എയർബസ് വിമാനവും ക്രൂവും ലഭ്യമാകാതിരുന്നത്. തുടർന്ന് സ്വകാര്യ കമ്പനിയിൽ നിന്ന് വിമാനം ചാർട്ടർ ചെയ്യാനുള്ള തീരുമാനം ഫെഡറൽ എത്തിക്സ് കമ്മീഷണർ കോൺറാഡ് വോൺ ഫിങ്കൻസ്റ്റൈൻ്റെ ഓഫീസുമായി ആലോചിച്ച് അനുമതി വാങ്ങുകയായിരുന്നു എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ചാർട്ടർ വിമാനത്തിൻ്റെ ചിലവിനായി പല ക്വട്ടേഷനുകളും സർക്കാർ സ്വീകരിച്ചു. എല്ലാ പ്രവർത്തന, സുരക്ഷാ ആവശ്യകതകളും പാലിക്കുന്ന, ഏറ്റവും കുറഞ്ഞ ചിലവുള്ള ഓപ്ഷൻ സർക്കാർ തിരഞ്ഞെടുത്തു എന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. സി.എ.എഫ്. എയർബസിൽ പറക്കുന്നതിനേക്കാൾ ചിലവ് കുറവായിരുന്നു ഈ ചാർട്ടർ വിമാനത്തിനെന്നും പി.എം.ഒ. കൂട്ടിച്ചേർത്തു. അടിയന്തര സാഹചര്യത്തിൽ പോലും കനേഡിയൻ ആംഡ് ഫോഴ്‌സിന് എന്തുകൊണ്ടാണ് ഒരു വിമാനമെങ്കിലും ലഭ്യമാകാതിരുന്നത് എന്നത് വ്യക്തമല്ല. കാർണി സാധാരണയായി ഉപയോഗിക്കുന്ന എയർബസ് പാസഞ്ചർ ജെറ്റുകളിൽ ഒന്ന് നിലവിൽ ജപ്പാനിലാണെന്നാണ് ഓൺലൈൻ ഫ്ലൈറ്റ് ട്രാക്കിംഗ് സേവനങ്ങൾ വ്യക്തമാക്കുന്നത്.