കാനഡയുടെ വിദേശകാര്യ മന്ത്രി അനിത ആനന്ദ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

By: 600110 On: Oct 14, 2025, 7:03 AM

 

രണ്ട് വർഷത്തെ നയതന്ത്ര ബന്ധത്തിലെ പിരിമുറുക്കത്തിന് ശേഷം ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനായി കാനഡയുടെ വിദേശകാര്യ മന്ത്രി അനിത ആനന്ദ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. തൻ്റെ മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് ഇന്ത്യയിൽ എത്തിയതായിരുന്നു അനിത ആനന്ദ്.  മോദിയുമായി സംസാരിക്കുന്ന ചിത്രം ആനന്ദ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.  ജി7 ഉച്ചകോടിക്കായി കാനഡ സന്ദർശിച്ച മോദി,  പ്രധാനമന്ത്രി മാർക്ക് കാർണിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമുണ്ടായ ബന്ധത്തിലെ ഊഷ്മളത നിലനിർത്താൻ  വേണ്ടിയായിരുന്നു കൂടിക്കാഴ്ചയെന്ന് അവർ പറഞ്ഞു.

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെ, ശക്തമായ വ്യാപാര പങ്കാളിത്തത്തിന് വേണ്ടിയുള്ള ഒരു 'റോഡ് മാപ്പ്' വാഗ്ദാനം ചെയ്യുന്ന സംയുക്ത പ്രസ്താവന  ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി ചേർന്ന് പുറത്തിറക്കി.  ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിനും, വ്യാപാരം, നിക്ഷേപം, കൃഷി, സാങ്കേതികവിദ്യ, ഊർജ്ജം തുടങ്ങിയ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനും ഈ കൂടിക്കാഴ്ച പുതിയ വഴി തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന്  ഇരു രാജ്യങ്ങളും ചേർന്നുള്ള  സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. വ്യാപാര സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള ആദ്യ നടപടികളുടെ ഭാഗമായി കാനഡ-ഇന്ത്യ സി.ഇ.ഒ ഫോറം അടുത്ത വർഷം ആദ്യം പുനരാരംഭിക്കും. സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യ വികസനം, കാർഷിക-ഭക്ഷ്യ മേഖലതുടങ്ങിയ മുൻഗണനാ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നിക്ഷേപം നടത്തുന്നതിനെക്കുറിച്ച് ചർച്ച നടത്തും.