ഒൻ്റാരിയോയിലെ സിഖ് നേതാവ് ഇന്ദർജീത് സിംഗ് ഗോസാൽ കാനഡ സർക്കാർ വാഗ്ദാനം ചെയ്ത സുരക്ഷ നിരസിച്ചതായി വെളിപ്പെടുത്തി. 2023-ൽ കൊല്ലപ്പെട്ട ഹർദീപ് സിംഗ് നിജ്ജാറിന് ശേഷം സിഖ്‌സ് ഫോർ ജസ്റ്റിസ് (SFJ) ഗ്രൂപ്പിൻ്റെ നേതൃത്വം ഏറ്റെടുത്തയാളാണ് ഗോസാൽ. ഗോസാലിൻ്റെ ജീവൻ അപകടത്തിലാണെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP) അറിയിച്ചതിന് ശേഷമാണ് സംരക്ഷണം വേണ്ടെന്ന് വെച്ചത്.
ഓഗസ്റ്റ് 20 നും സെപ്റ്റംബർ 10 നും ഇടയിൽ RCMP എട്ടോ പത്തോ തവണ തന്നെ സന്ദർശിച്ചിരുന്നതായി ഗോസാൽ പറഞ്ഞു. സെപ്റ്റംബർ 8 ന് ശേഷം കാര്യങ്ങൾ അതീവ ഗൗരവമായെന്നും കൊലയാളികൾ നഗരത്തിലുണ്ടെന്ന് അവർ വ്യക്തമാക്കിയതായും അദ്ദേഹം പറയുന്നു. ജീവൻ രക്ഷിക്കാൻ ഏക പോംവഴി വിറ്റ്‌നസ് പ്രൊട്ടക്ഷൻ പരിപാടിയിൽ ചേർന്ന് ഒളിത്താവളത്തിലേക്ക് മാറുകയാണെന്ന് പോലീസ് അറിയിച്ചു. എന്നാൽ, ഖാലിസ്ഥാൻ റഫറണ്ടത്തിന് വേണ്ടിയുള്ള തൻ്റെ പ്രചാരണം നിർത്തുന്നതിനേക്കാൾ മരിക്കുകയാണ് നല്ലതെന്ന് പറഞ്ഞ് താൻ സംരക്ഷണം വിനയത്തോടെ നിരസിച്ചുവെന്നും ഗോസാൽ വെളിപ്പെടുത്തി. കൈത്തോക്ക് അശ്രദ്ധമായി ഉപയോഗിച്ചതിനും നിയമവിരുദ്ധമായി കൈവശം വെച്ചതിനും ഉൾപ്പെടെയുള്ള കുറ്റങ്ങൾക്ക് കഴിഞ്ഞ മാസം അറസ്റ്റിലായ ശേഷം നിലവിൽ ജാമ്യത്തിൽ കഴിയുകയാണ് ഗോസൽ. ഇന്ത്യയുമായുള്ള ബന്ധം സാധാരണ നിലയിലേക്ക് കൊണ്ടുവരാനുള്ള കാർണി സർക്കാരിൻ്റെ ശ്രമങ്ങൾക്കിടെയാണ് ഗോസലിൻ്റെ പുതിയ വെളിപ്പെടുത്തലുകൾ.