ആൽബർട്ടയിലെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ സമഗ്രമായ മാറ്റങ്ങൾ അനിവാര്യമാണെന്ന് വെളിപ്പെടുത്തുന്നതാണ് ഇപ്പോഴത്തെ അദ്ധ്യാപക സമരമെന്ന് വിദഗ്ധർ. വേതന വർദ്ധനവ്, ക്ലാസ് മുറികളിലെ വിദ്യാർത്ഥികളുടെ എണ്ണക്കൂടുതൽ തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് 51,000-ത്തിലധികം അദ്ധ്യാപകർ സമരം ചെയ്യുന്നത്. കൂടുതൽ അദ്ധ്യാപകരെ നിയമിക്കാമെന്ന സർക്കാരിൻ്റെ വാഗ്ദാനം മാത്രം മതിയാവില്ലെന്നും, ക്ലാസിലെ കുട്ടികളുടെ എണ്ണത്തിന് പരിധി നിശ്ചയിക്കുന്നതും അദ്ധ്യാപകർക്ക് ഫലപ്രദമായി ജോലി ചെയ്യാൻ ആവശ്യമായ പിന്തുണ ഉറപ്പാക്കുന്നതുമായ ദീർഘകാല പരിഷ്കാരങ്ങളാണ് ആവശ്യമെന്നും അദ്ധ്യാപക യൂണിയൻ (ATA) പ്രസിഡന്റ് ജേസൺ ഷില്ലിംഗ് വ്യക്തമാക്കി.
വർഷങ്ങളായുള്ള ഫണ്ടിംഗിലെ കുറവും, ക്ലാസ്സുകളിലെ തിരക്കും അദ്ധ്യാപകരുടെ ജോലി സാഹചര്യങ്ങൾ മോശമാക്കിയതായി അദ്ധ്യാപകർ അഭിപ്രായപ്പെടുന്നു. ക്ലാസ് വലുപ്പത്തിന് പരിധി നിശ്ചയിക്കുന്നത് വിദ്യാർത്ഥികളുടെ പഠന നിലവാരത്തിൽ കാര്യമായ സ്വാധീനം ചെലുത്തുന്നില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട്. എന്നാൽ, കുട്ടികൾക്ക് വ്യക്തിഗത ശ്രദ്ധ നൽകാൻ ചെറിയ ക്ലാസുകൾ അത്യാവശ്യമാണെന്ന് അദ്ധ്യാപകർ വാദിക്കുന്നു. നിലവിലെ സമരം, ശമ്പളം പോലുള്ള തൊഴിൽപരമായ കാര്യങ്ങൾക്കപ്പുറം, എല്ലാ വിദ്യാർത്ഥികൾക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്ന ഒരു വിപ്ലവകരമായ മാറ്റത്തിൻ്റെ ആവശ്യകതയിലേക്കാണ് വിരൽ ചൂണ്ടുന്നത്