കാൽഗറിയിലെ തൊഴിലില്ലായ്മ സെപ്റ്റംബർ മാസത്തിൽ  8.1 ശതമാനമായി ഉയർന്നു

By: 600110 On: Oct 13, 2025, 5:57 AM

 

കാൽഗറിയിലെ തൊഴിലില്ലായ്മ സെപ്റ്റംബർ മാസത്തിൽ  8.1 ശതമാനമായി ഉയർന്നു.  കാനഡയുടെ സമ്പദ്‌വ്യവസ്ഥ സെപ്റ്റംബർ മാസത്തിൽ ഏകദേശം 60,000 പുതിയ ജോലികൾ കൂട്ടിച്ചേർത്തെങ്കിലും, രാജ്യത്തെ മൊത്തത്തിലുള്ള തൊഴിലില്ലായ്മ നിരക്ക് 7.1 ശതമാനത്തിൽ മാറ്റമില്ലാതെ തുടർന്നു. സെപ്റ്റംബറിൽ 5,000 ജോലികൾ മാത്രമേ വർദ്ധിക്കൂ എന്നായിരുന്നു സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽയ ഇതിനെ മറികടക്കുന്നതായിരുന്നു പുതിയ കണക്കുകൾ. കഴിഞ്ഞ രണ്ട് മാസങ്ങളിൽ 100,000-ത്തിലധികം ജോലികളായിരുന്നു നഷ്ടപ്പെട്ടത്. ഇതിൽ നിന്നുള്ളൊരു തിരിച്ചുവരവ് കൂടിയായാണ് പുതിയ കണക്കുകൾ വിലയിരുത്തപ്പെടുന്നത്. 

അതേസമയം, കാൽഗറിയിലെ തൊഴിലില്ലായ്മ നിരക്ക് മുൻ മാസത്തെ 7.7 ശതമാനത്തിൽ നിന്ന് വർദ്ധിച്ച് 8.1 ശതമാനത്തിലേക്കെത്തി. സെപ്റ്റംബറിൽ ആൽബർട്ടയിൽ 43,000-ത്തിലധികം പുതിയ ജോലികൾ കൂട്ടിച്ചേർക്കപ്പെട്ടു, കാനഡയിലെ ഏറ്റവും വലിയ വർദ്ധനയാണ് ഇത്. BMO ചീഫ് എക്കണോമിസ്റ്റ് ഡഗ് പോർട്ടർ "വമ്പിച്ച നേട്ടം" എന്നാണ് ഇതിനെ വിലയിരുത്തിയത്. കൊവിഡ് സമയത്തെ അസ്ഥിരത ഒഴിച്ചുനിർത്തിയാൽ ഒരു മാസം കൊണ്ട് ആൽബർട്ടയിലുണ്ടാകുന്ന ഏറ്റവും വലിയ തൊഴിൽ വർദ്ധനവാണിതെന്നും അഭിപ്രായപ്പെട്ടു. ആൽബർട്ടയിലെ തൊഴിൽ വർദ്ധനവ് കൂടുതലും നിർമ്മാണ മേഖലയിലാണ്. 7,900 ജോലികൾ ഈ മേഖലയിൽ കൂട്ടിച്ചേർക്കപ്പെട്ടത്.  കൂടാതെ കൃഷി മേഖലയിൽ 4,500 ജോലികളും സൃഷ്ടിക്കപ്പെട്ടതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.