തപാൽ സേവനങ്ങൾ അടുത്ത ആഴ്ച മുതൽ പുനരാരംഭിക്കുമെന്ന് കാനഡ പോസ്റ്റ്

By: 600110 On: Oct 11, 2025, 1:16 PM

തപാൽ സേവനങ്ങൾ അടുത്ത ആഴ്ച മുതൽ പുനരാരംഭിക്കുമെന്ന് കാനഡ പോസ്റ്റ്. കാനഡാ പോസ്റ്റിലെ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യൂണിയൻ രാജ്യവ്യാപക പണിമുടക്കിൽ നിന്ന് റൊട്ടേറ്റിംഗ് പണിമുടക്കിലേക്ക് മാറുമെന്ന് പ്രഖ്യാപിച്ചതിനെ തുടർന്നാണിത്.  കാനേഡിയൻ യൂണിയൻ ഓഫ് പോസ്റ്റൽ വർക്കേഴ്‌സിനെ  പ്രതിനിധീകരിക്കുന്ന ജീവനക്കാരെ ശനിയാഴ്ച മുതൽ തിരികെ സ്വാഗതം ചെയ്യുമെന്ന് കാനഡ പോസ്റ്റ് പ്രസ്താവനയിൽ പറഞ്ഞു. അടുത്തയാഴ്ച മുതൽ തപാൽ സേവനം പുനരാരംഭിക്കുമെങ്കിലും, യൂണിയൻ്റെ റൊട്ടേറ്റിംഗ് പണിമുടക്ക് കാരണം തപാൽ സേവനത്തിലെ അനിശ്ചിതത്വവും അസ്ഥിരതയും തുടരുമെന്നും ക്രൗൺ കോർപ്പറേഷൻ കൂട്ടിച്ചേർത്തു.

ദേശീയ തലത്തിലുള്ള പ്രവർത്തനങ്ങൾ സുരക്ഷിതമായും ചിട്ടയോടെയും പുനരാരംഭിക്കാൻ പദ്ധതികൾ തയ്യാറാക്കി വരികയാണെന്ന് കാനഡ പോസ്റ്റ് വ്യക്തമാക്കി. റൊട്ടേറ്റിംഗ് പണിമുടക്കിലേക്ക് മാറിയാൽ തപാലും പാഴ്സലുകളും നീങ്ങാൻ തുടങ്ങുമെന്ന് കനേഡിയൻ യൂണിയൻ ഓഫ് പോസ്റ്റൽ വർക്കേഴ്‌സ്  അറിയിച്ചു. കാനഡ പോസ്റ്റിൻ്റെ ചുമതലയുള്ള ഫെഡറൽ മന്ത്രിയുമായി യൂണിയൻ കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ പ്രഖ്യാപനം വന്നത്. അതേസമയം, അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ തപാൽ സേവനങ്ങളുടെ ഗ്യാരന്റികൾ നിർത്തിവയ്ക്കുമെന്നും കാനഡ പോസ്റ്റ് കൂട്ടിച്ചേർത്തു.