ബാങ്ക് ഇൻവെസ്റ്റിഗേറ്റർ' ഫോൺ തട്ടിപ്പുകൾ വർദ്ധിക്കുന്നതിനെക്കുറിച്ച് ജനങ്ങൾക്ക് ശക്തമായ മുന്നറിയിപ്പുമായി ടൊറൻ്റോ പോലീസ്. ഈ തട്ടിപ്പുകൾ കാരണം നഗരത്തിലെ നിരവധി പേർക്ക് ഇതിനോടകം ആയിരക്കണക്കിന് ഡോളർ നഷ്ടമായിട്ടുണ്ട്. തട്ടിപ്പുകാർ ബാങ്ക് ഉദ്യോഗസ്ഥരെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്.
ഇരയുടെ ബാങ്കിൽ നിന്ന് നേരിട്ട് വിളിക്കുന്നതായി തോന്നിക്കുന്ന 'സ്പൂഫ്ഡ്' കോളുകൾ വഴിയാണ് തട്ടിപ്പിൻ്റെ തുടക്കം. തങ്ങളുടെ അക്കൗണ്ടുകൾക്ക് ഭീഷണിയുണ്ടെന്ന് വിശ്വസിപ്പിച്ച് പരിഭ്രാന്തി സൃഷ്ടിച്ച ശേഷം, പാസ്‌വേഡുകളും പിൻ നമ്പറുകളും പോലുള്ള സെൻസിറ്റീവ് വിവരങ്ങൾ ആളുകളെക്കൊണ്ട് പറയിപ്പിക്കുകയാണ് ഇവർ ചെയ്യുന്നത്. തുടർന്ന് കൂടുതൽ അന്വേഷണത്തിനായി ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഒരു കവറിലാക്കി കൈമാറാൻ നിർദ്ദേശിക്കുന്നു. തട്ടിപ്പ് പൂർത്തിയാക്കാൻ, റൈഡ്‌ഷെയർ ആപ്പ് വഴി പാഴ്സൽ ഡെലിവറി സർവീസ് ഉപയോഗിച്ച് ഒരു ഡ്രൈവറെ അയച്ച് കവർ ശേഖരിക്കുന്നു. ഈ ഡ്രൈവർ തട്ടിപ്പിനെക്കുറിച്ച് അറിയാതെ കവർ നിശ്ചയിച്ച സ്ഥലത്ത് ഏല്പിക്കുന്നു. തട്ടിപ്പു സംഘത്തിലെ മറ്റൊരാൾ വന്ന് ഈ പാക്കേജ് കൈക്കലാക്കുന്നതോടെയാണ് തട്ടിപ്പ് പൂർത്തിയാവുന്നത്. ഇത്തരം കോളുകളെ ജാഗ്രതയോടെ സമീപിക്കണമെന്നും, ഒരു ബാങ്കും ഫോൺ വഴി പാസ്‌വേഡുകളോ കാർഡുകളോ ആവശ്യപ്പെടില്ലെന്നും പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.