മെറ്റാ അക്കൗണ്ടുകൾ നിരോധിച്ചതിനെ തുടർന്ന് പ്രതിസന്ധിയിലായി ഓട്ടവയിലെ ഒരു റെസ്റ്റോറൻ്റ് ഉടമ. കനാറ്റയിലെ അമ്യൂസ് കിച്ചൺ & വൈൻ എന്ന റെസ്റ്റോറൻ്റിൻ്റെ സഹ ഉടമയായ ലോറി വിയോ ഗില്ലാർഡിനാണ് ഈ ദുരനുഭവം ഉണ്ടായത്. സെപ്റ്റംബർ 26-ന് രാവിലെയാണ് തൻ്റെ ബിസിനസ് സോഷ്യൽ മീഡിയ അക്കൗണ്ടുകളായ ഇൻസ്റ്റാഗ്രാമും ഫേസ്ബുക്കും സസ്പെൻഡ് ചെയ്തെന്ന അറിയിപ്പ് വിയോ ഗില്ലാർഡിന് ലഭിച്ചത്.
ഉപഭോക്താക്കളിലേക്ക് എത്താനുള്ള ഏക മാർഗ്ഗം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായിരുന്നതിനാൽ ഈ നടപടി ആദ്യം പരിഭ്രാന്തിയുളവാക്കിയെന്ന് അവർ പറഞ്ഞു. മെനുവും മറ്റ് വിവരങ്ങളും സാമൂഹിക മാധ്യമങ്ങളിൽ മാത്രം പോസ്റ്റ് ചെയ്തിരുന്ന വിയോ ഗില്ലാർഡിന്, അക്കൗണ്ട് സസ്പെൻഷനോടെ തൻ്റെ 2,000 ഫോളോവേഴ്‌സിനെയും അതുവഴിയുള്ള കച്ചവടവുമാണ് നഷ്ടമായത്. വിയോ ഗില്ലാർഡിൻ്റെ അക്കൗണ്ട് തങ്ങളുടെ നിയമങ്ങൾക്കെതിരെ പ്രവർത്തിച്ച മറ്റൊരു അക്കൗണ്ടുമായി ബന്ധപ്പെട്ടതായിരിക്കാം സസ്പെൻഷന് കാരണമെന്നാണ് ഇൻസ്റ്റാഗ്രാം നൽകിയ അറിയിപ്പ്. 180 ദിവസത്തിനുള്ളിൽ അപ്പീൽ നൽകാൻ മാത്രമാണ് മെറ്റാ അനുവദിച്ചത്. ഇതോടൊപ്പം ഗില്ലാർഡിൻ്റെ കൗമാരക്കാരിയായ മകളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടും സസ്പെൻഡ് ചെയ്യപ്പെട്ടിരുന്നു. മകളുടെ ഓൺലൈൻ പ്രവർത്തനം നിരീക്ഷിക്കുന്നതിനായി ബന്ധിപ്പിച്ച അക്കൗണ്ടാണ് ഇതെന്ന് വിയോ ഗില്ലാർഡ് പറഞ്ഞു. ഒരു മുന്നറിയിപ്പോ വ്യക്തമായ കാരണങ്ങളോ ഇല്ലാതെ പ്രധാന ബിസിനസ് പ്ലാറ്റ്‌ഫോമുകൾ നഷ്ടപ്പെട്ടത് വിയോ ഗില്ലാർഡിന് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയത്.