കാനഡയിലെ കുറഞ്ഞ വരുമാനക്കാർക്ക് ആനുകൂല്യങ്ങൾ ഉറപ്പാക്കാൻ നികുതി ഫയലിംഗ് ഓട്ടോമാറ്റിക് ആക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി. കുറഞ്ഞ വരുമാനക്കാരായ കാനഡക്കാർക്ക് സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി അവർക്കുവേണ്ടി ഫെഡറൽ സർക്കാർ സ്വയമേവ നികുതി ഫയൽ ചെയ്യുമെന്നാണ് പ്രധാനമന്ത്രി മാർക്ക് കാർണി അറിയിച്ചത്. 2027-ൽ ഏകദേശം 10 ലക്ഷം ആളുകൾക്കായി കാനഡ റവന്യൂ ഏജൻസി ഓട്ടോമാറ്റിക് ടാക്സ് ഫയലിംഗ് ആരംഭിക്കും. 2028-ടെ ഇത് 55 ലക്ഷമായി ഉയരുമെന്ന് കാർണിയുടെ ഓഫീസ് അറിയിച്ചു.
ഇതിലൂടെ ജിഎസ്ടി , എച്ച്എസ്ടി ക്രെഡിറ്റ്, കാനഡ ചൈൽഡ് ബെനിഫിറ്റ്, കാനഡ ഡിസെബിലിറ്റി ബെനിഫിറ്റ് തുടങ്ങിയ സർക്കാർ ആനുകൂല്യങ്ങൾ അവർക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും എന്ന് കാർണിയുടെ ഓഫീസ് കൂട്ടിച്ചേർത്തു. നവംബർ 4-ന് അവതരിപ്പിക്കാൻ നിശ്ചയിച്ചിട്ടുള്ള അടുത്ത ഫെഡറൽ ബജറ്റിൽ ഈ നടപടികൾ പ്രഖ്യാപിക്കും. 2023-ൽ ഓട്ടവ ഈ നീക്കം പരിഗണിച്ചിരുന്നു. കൂടാതെ 2025 നികുതി വർഷം മുതൽ ചില കുറഞ്ഞ വരുമാനക്കാരായ കാനഡക്കാർക്ക് വേണ്ടി നികുതി റിട്ടേൺ സ്വയമേവ ഫയൽ ചെയ്യാൻ CRA-യെ അനുവദിക്കുന്ന നിയമനിർമ്മാണം ഉൾപ്പെടെയുള്ള കാര്യങ്ങൾ 2024 ലെ സാമ്പത്തിക നയ രേഖയിൽ ഉൾപ്പെടുത്തിയിരുന്നു. കൂടാതെ, 4 ലക്ഷം കുട്ടികൾക്ക് വരെ ഭക്ഷണം നൽകുന്നതിനായി ദേശീയ സ്കൂൾ ഭക്ഷണ പരിപാടി സ്ഥിരപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.